Quantcast

റഫക്കു നേരെ കരയാക്രമണ മുന്നൊരുക്കം ശക്​തമാക്കി ഇസ്രായേൽ

സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന്​ അമേരിക്ക അറിയിച്ചു

MediaOne Logo

Web Desk

  • Published:

    24 April 2024 1:13 AM GMT

israel gaza attack
X

തെല്‍ അവിവ്: ക്രൂരതയുടെയും വംശഹത്യയുടെയും 200​ നാളുകൾ പിന്നിട്ട ഗസ്സയിൽ റഫക്കു നേരെ കരയാക്രമണ മുന്നൊരുക്കം ശക്​തമാക്കി ഇസ്രായേൽ. സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന്​ അമേരിക്ക അറിയിച്ചു.

മുപ്പത്തി നാലായിരത്തിലേറെ പേരെ കൊന്നുതള്ളിയ ഇസ്രായേൽ ക്രൂരത ഇനി ലക്ഷങ്ങൾ തിങ്ങിത്താമസിക്കുന്ന ഗസ്സയിലെ റഫയിലേക്കും റഫക്കു നേരെയുള്ള കരയാക്രമണത്തി​ന്‍റെ മുന്നൊരുക്കങ്ങൾ സൈന്യം ഊർജിതമാക്കി. ഖാൻ യൂനുസിൽ ആളുകളെ താമസിപ്പിക്കാനായി സൈന്യം ടെന്‍റുകള്‍ പണിയുന്നതി​ന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.ഇസ്രായേൽ അതിർത്തിയോട് ചേർന്ന് ഇസ്രായേൽ സൈനികരും സൈനിക വാഹനങ്ങളും കൂട്ടമായി ഒരുങ്ങിനിൽക്കുന്നതായും പുതിയ താവളം സജ്ജമായതായും റിപ്പോർട്ടുകളുണ്ട്​. രണ്ടു താവളങ്ങളിലായി 800ലേറെ സൈനിക വാഹനങ്ങൾ സജ്​ജമായതായി അൽജസീറ റിപ്പോർട്ട്​ ചെയ്​തു. സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ ആക്രമണം പാടില്ലെന്ന യു.എസ്​, യൂറോപ്യൻ അഭ്യർഥന തള്ളിയാണ്​ ഇസ്രായേൽ നീക്കം. റഫ ആക്രമണത്തിന്​ തങ്ങളുടെതായ പദ്ധതിയൊന്നും ഇസ്രായേലിന്​ കൈമാറിയിട്ടി​ല്ലെന്ന്​ പെന്‍റഗണ്‍ അറിയിച്ചു.

എന്നാൽ ഇസ്രായേൽ കവർന്ന ഓരോ ഇഞ്ച്​ ഭൂമിയും തിരിച്ചുപിടിക്കും വരെ ഫലസ്​തീൻ പോരാട്ടം തുടരുമെന്ന്​ ഹമാസ്​ സൈനിക വിഭാഗമായ അൽഖസ്സാം ബ്രിഗേഡ്​സ്​ മുന്നറിയിപ്പ്​ നൽകി. ഗസ്സയിലെ അൽനാസർ ആശുപത്രി വളപ്പിൽ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയ സംഭവം ഞെട്ടിക്കുന്നതാണെന്ന്​ യു.എൻ നേതൃത്വം ചൂണ്ടിക്കാട്ടി. സംഭവത്തെ കുറിച്ച്​ അന്താരാഷ്​ട്ര തലത്തിൽ അന്വേഷണം വേണമെന്നും മനുഷ്യാവകാശങ്ങൾക്കായുള്ള യു.എൻ നേതൃത്വം ആവശ്യപ്പെട്ടു. വാർത്തയുടെ നിജസ്​ഥിതി അറിയില്ലെന്നും ഇസ്രായേലിനോട്​ ഇക്കാര്യത്തിൽ വിശദീകരണം തേടിയതായും വൈറ്റ്​ ഹൗസ്​ പ്രതികരിച്ചു.

ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെ കൊളംബിയ സർവകലാശാലയിൽ തുടക്കമിട്ട വിദ്യാർഥി പ്രക്ഷോഭം യു.എസിലെ ഒട്ടുമിക്ക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പിടിച്ചുലക്കുകയാണ്​. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ പ്രതിഷേധവുമായി തമ്പടിച്ച വിദ്യാർഥികളെ കൂട്ടമായി പൊലീസ് അറസ്റ്റ് ചെയ്തു. കൊളംബിയ യൂണിവേഴ്സിറ്റിയിൽ 100ലേറെ വിദ്യാർഥികളെ അറസ്റ്റ് ചെയ്തത് കടുത്ത പ്രതിഷേധത്തിനിടയാക്കി.

TAGS :

Next Story