Quantcast

ഇസ്രായേലിനെ പിന്തുണക്കുന്ന ഹിലരി ക്ലിന്റണോടൊപ്പം ചേർന്ന് സംഗീത നിർമ്മാണം; മലാലക്കെതിരെ വിമർശനം

ഗസ്സയിലെ ജനങ്ങൾക്കുള്ള പിന്തുണ തുടരുമെന്ന് മലാല

MediaOne Logo

Web Desk

  • Updated:

    2024-04-25 03:03:06.0

Published:

25 April 2024 2:59 AM GMT

hillary Clinton with malala yousafzai
X

ലാഹോർ: മുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണോടൊപ്പം ചേർന്ന് സംഗീത പരിപാടി നിർമ്മിച്ചതിന് നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌ സായിക്കെതിരെ ജന്മനാടായ പാകിസ്താനിലടക്കം വൻ വിമർശനം. ഗസ്സയിലെ ഇസ്രായേലിന്റെ ആക്രമണ​ത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നയാളാണ് ഹിലരി ക്ലിൻറൺ.

‘സഫ്സ്’ എന്ന സംഗീത പരിപാടിയുടെ നിർമാണത്തിലാണ് ഇരുവരും പങ്കാളിയായത്. കഴിഞ്ഞ ആഴ്ച മുതൽ ന്യൂയോർക്കിൽ ഇത് അവതരിപ്പിക്കുന്നുണ്ട്. 20-ാം നൂറ്റാണ്ടിൽ വോട്ടവകാശത്തിനായുള്ള അമേരിക്കൻ സ്ത്രീകളുടെ പ്രചാരണമാണ് ഇതിന്റെ ഇതിവൃത്തം.

ഫലസ്തീനികളുടെ വംശഹത്യക്ക് കൂട്ടുനിൽക്കുന്ന അമേരിക്കൻ നിലപാടിന് പിന്തുണ നൽകുന്ന ഹിലരി ക്ലിൻ്റണുമായുള്ള സഹകരണം ഒരു മനുഷ്യാവകാശ പ്രവർത്തകയെന്ന നിലയിൽ മലാലയുടെ വിശ്വാസ്യതയ്ക്ക് കനത്ത തിരിച്ചടിയാണെന്ന് പ്രശസ്ത പാകിസ്താൻ കോളമിസ്റ്റ് മെഹർ തരാർ പറഞ്ഞു. ഈ നടപടി തികച്ചും ദുരന്തപൂർണമാണെന്നും അവർ കൂട്ടിച്ചേർത്തു.

ഹിലരിയുമായി പങ്കാളിയാകാനുള്ള മലാലയുടെ തീരുമാനം ഒരേസമയം ബുദ്ധിശൂന്യവും ഹൃദയഭേദകവുമാണെന്ന് എഴുത്തുകാരി നിദാ കിർമാണി എക്‌സിൽ കുറിച്ചു. നടപടി നിരാശാജനകമാണെന്നും അവർ പറഞ്ഞു.

അതേസമയം, 26കാരിയായ മലാല കഴിഞ്ഞ വ്യാഴാഴ്ച സംഗീത പരിപാടിയുടെ പ്രീമിയറിലേക്ക് ചുവപ്പും കറുപ്പും കലർന്ന ബാഡ്ജ് ധരിച്ചാണ് എത്തിയിരുന്നത്. ഇത് ഗസ്സയിലെ വെടിനിർത്തലിനുള്ള അവരുടെ പിന്തുണയെയാണ് സൂചിപ്പിക്കുന്നതെന്ന് ന്യൂയോർട്ട് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഹിലരി ക്ലിന്റണുമായി സഹകരിച്ചത് വിവാദമായതോടെ മലാല പ്രതികരണവുമായി രംഗത്തുവന്നു. ഗസ്സയിലെ ജനങ്ങൾക്കുള്ള എന്റെ പിന്തുണയെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാകരുതെന്ന് താൻ ആഗ്രഹിക്കുകയാണ്. വെടിനിർത്തൽ അടിയന്തരവും ആവശ്യവുമാണെന്ന് മനസ്സിലാക്കാൻ കൂടുതൽ മൃതദേഹങ്ങളും ബോംബെറിഞ്ഞ സ്കൂളുകളും പട്ടിണി കിടക്കുന്ന കുട്ടികളെയും കാണേണ്ടതില്ല. അന്താരാഷ്ട്ര നിയമങ്ങളുടെയും യുദ്ധക്കുറ്റങ്ങളുടെയും ലംഘനങ്ങൾക്ക് ഇസ്രായേൽ സർക്കാറിനെ അപലപിക്കുകയാണെന്നും മലാല എക്സിൽ കുറിച്ചു.

ഗസ്സയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് നേരത്തേയും മലാല രംഗത്തുവന്നിരിന്നു. ഫലസ്തീനിലെ സാധാരണക്കാരായ ജനങ്ങൾക്ക് സംരക്ഷണം നൽകണമെന്നും അവർ ആവശ്യപ്പെട്ടു. കൂടാതെ ഫലസ്തീന് രണ്ടരക്കോടിയുടെ സഹായവും അവർ പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS :

Next Story