Quantcast

യുഎൻ രക്ഷാസമിതിയിൽ അമേരിക്കയുടെ പ്രമേയം വീറ്റോ ചെയ്ത് റഷ്യയും ചൈനയും; വെടിനിർത്തലിന്​ ആഹ്വാനം ചെയ്യാത്ത പ്രമേയമെന്ന് ഹമാസ്

രക്ഷാസമിതിയിൽ പ്രമേയം വീറ്റോ ചെയ്ത റഷ്യയുടേയും ചൈനയുടേയും നടപടിയെ അമേരിക്ക വിമർശിച്ചു

MediaOne Logo

Web Desk

  • Updated:

    2024-03-23 04:16:54.0

Published:

23 March 2024 1:58 AM GMT

Russia, China veto US-led UN resolution on Gaza ceasefire
X

ജനീവ: ഇസ്രായേലി​ന്‍റെ വംശഹത്യാ നടപടികൾക്ക്​ ന്യായീകരണം ചമക്കുമാറ്​ അമേരിക്ക യു.എൻ രക്ഷാസമിതിയിൽ കൊണ്ടുവന്ന പ്രമേയം പരാജയപ്പെടുത്തിയ ചൈനക്കും റഷ്യക്കും നന്ദി പറഞ്ഞ്​ ഹമാസ്​. അടിയന്തര വെടിനിർത്തലിന്​ കൃത്യമായ ആഹ്വാനം ചെയ്യാത്ത പ്രമേയമാണിതെന്നും പ്രസ്താവനയിൽ ഹമാസ്​ വ്യക്തമാക്കി. രക്ഷാസമിതിയിൽ പ്രമേയം വീറ്റോ ചെയ്ത റഷ്യയുടേയും ചൈനയുടേയും

നടപടിയെ അമേരിക്ക വിമർശിച്ചു. അൽ-ശിഫ ആശുപത്രിയിൽ തുടർച്ചയായ അഞ്ചാം ദിവസവും ഇസ്രായേൽ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. റഫ ആക്രമണത്തിൽ നിന്ന്​ ഇസ്രായേൽ പിൻവാങ്ങണമെന്ന്​ യു.എസ്​ സ്റ്റേറ്റ്​ സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ ആവശ്യപ്പെട്ടു. അതേസമയം ഗസ്സയിൽ മരണം 32,000 കടന്നു.

ഗസ്സയിൽ അടിയന്തര വെടിനിർത്തലും ബന്ദിമോചനവും ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ കൊണ്ടുവന്ന പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തത്​ നിർഭാഗ്യകരമെന്ന്​ അമേരിക്ക വ്യക്തമാക്കി. ഗസ്സയിൽ സഹായം എത്തിക്കാനും ബന്ദിമോചനവും ലക്ഷ്യമിട്ട്​ കൊണ്ടുവന്ന പ്രമേയം പരാജയപ്പെട്ടത്​ ദുഃഖകരമാണെന്നും വൈറ്റ്​ ഹൗസ്​ പ്രതികരിച്ചു. എന്നാൽ ഇസ്രായേലിനെ ന്യായീകരിക്കുകയും അടിയന്തര വെടിനിർത്തലിന്​ കൃത്യമായ നിലപാട്​ സ്വീകരിക്കാതിരിക്കുകയും ചെയ്​ത പ്രമേയം പരാജയപ്പെടേണ്ടതു തന്നെയെന്ന്​ ഹമാസ്​ പ്രസ്​താവനയിൽ ചൂണ്ടിക്കാട്ടി. വൻതോതിൽ ആയുധങ്ങൾ നൽകി ഫലസ്​തീൻ ജനതയുടെ വംശഹത്യ ഉറപ്പാക്കാൻ ഇസ്രായേലിനെ പിന്തുണക്കുന്ന അമേരിക്കയുടെ നിക്ഷിപ്​ത താൽപര്യങ്ങൾ ലോകം തിരിച്ചറിയുന്നതായും പ്രസ്​താവനയിൽ ഹമാസ്​ വ്യക്​തമാക്കി.

15 അംഗ സമിതിയിൽ 11 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചും മൂന്ന് രാജ്യങ്ങൾ എതിർത്തും വോട്ടുചെയ്​തു. ഗയാന വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ചൈന, റഷ്യ എന്നീ സ്ഥിരാംഗങ്ങളെ കൂടാതെ അൽജീരിയയും എതിർത്ത് വോട്ട് ചെയ്തു. റഫയിൽ സൈനിക നടപടിക്ക് ഇസ്രായേലിന് പച്ചക്കൊടി കാട്ടുന്ന കപടമായ പ്രമേയമാണ് യു.എസ് അവതരിപ്പിച്ചതെന്നാണ്​ റഷ്യയുടെയും ചൈനയുടെയും കുറ്റപ്പെടുത്തൽ. ഗസ്സയിൽ മുമ്പ്​ പല തവണ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതിയിൽ കൊണ്ടുവന്ന പ്രമേയങ്ങള അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു. അടിയന്തര വെടിനിർത്തൽ വൈകിയാൽ വലിയ ദുരന്തമാകും കാത്തിരിക്കുന്നതെന്ന്​ യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നല്‍കി​ . എത്രയും പെ​ട്ടെന്ന്​ പുതിയൊരു പ്രമേയം രക്ഷാസമിതിക്കു മുമ്പാകെ കൊണ്ടുവരാൻ ശ്രമിക്കുമെന്ന്​ ഫ്രാൻസ്​ അറിയിച്ചു.

ഗസ്സ സിറ്റിയിലെ അൽ-ശിഫ ആശുപത്രിയിൽ ഇസ്രായേൽ അതിക്രമം അഞ്ചാം ദിവസമായ ഇന്നലെയും തുടർന്നു. സൈന്യം നടത്തിയ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടതായി ദൃക്​സാക്ഷികൾ അറിയിച്ചു. അൽ-ശിഫയിൽ പോരാളികളെ വധിച്ചതായ ഇസ്രായേൽ അവകാശവാദം ഹമാസ് തള്ളി. ആരോഗ്യപ്രവർത്തകരെയും രോഗികളെയും കൂട്ടിരിക്കുന്നവരെയും അഭയാർഥികളെയുമാണ് ഇസ്രായേൽ സൈന്യം കൊലപ്പെടുത്തുന്നതെന്നും ഹമാസ്​. ഗസ്സയിൽ പിന്നിട്ട 24 മണിക്കൂറിനിടെ 82 പേർ കൂടി കൊല്ലപ്പെട്ടതോടെ മരണസംഖ്യ 32,070 ആയി. റഫ ആക്രമണത്തിൽ നിന്ന്​ പിൻമാറാൻ യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ ഇസ്രായേലിനോട്​ വീണ്ടും ആവശ്യപ്പെട്ടു. കരയുദ്ധം ഒഴിവാക്കി ഹമാസിനെ അമർച്ച ചെയ്യാനുള്ള തന്ത്രം ചർച്ച ചെയ്യാൻ കൂടിയാണ്​ ഇസ്രായേൽ സംഘത്തെ അമേരിക്കയിലേക്ക്​ ക്ഷണിച്ചതെന്ന്​ വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട്​ ചെയ്​തു.



TAGS :

Next Story