Quantcast

കപ്പലിടിച്ച് ബാള്‍ട്ടിമോര്‍ പാലം തകര്‍ന്ന അപകടം; ആറു പേര്‍ മരിച്ചു

അറ്റകുറ്റപ്പണിയിൽ ഏർപ്പെട്ട തൊഴിലാളികളാണ് മരിച്ചതെന്നാണ് സൂചന

MediaOne Logo

Web Desk

  • Published:

    27 March 2024 1:38 AM GMT

Baltimore bridge collapse
X

വാഷിംഗ്ടണ്‍: അമേരിക്കയിലെ ബാൾട്ടിമോറിൽ കപ്പലിടിച്ചതിനെ തുടര്‍ന്ന് പാലം തകര്‍ന്നുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചതായി അമേരിക്കൻ കോസ്റ്റ് ഗാർഡ്. അറ്റകുറ്റപ്പണിയിൽ ഏർപ്പെട്ട തൊഴിലാളികളാണ് മരിച്ചതെന്നാണ് സൂചന.തെരച്ചിൽ താൽകാലികമായി നിർത്തിവച്ചതായും അധികൃതർ അറിയിച്ചു.

കപ്പലിനുണ്ടായ വൈദ്യുതി തടസമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തിന് മുമ്പ് എമർജൻസി കോൾ നൽകിയതായും റിപ്പോർട്ടുകൾ പറയുന്നു. ഇന്നലെ പ്രാദേശിക സമയം 1.30 ഓടെയാണ് അപകടമുണ്ടാവുന്നത്. ശ്രീലങ്കയിലേക്ക് പോവുകയായിരുന്ന സിംഗപ്പൂർ ചരക്ക് കപ്പലായ ദാലി ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിലിടിക്കുകയായിരുന്നു. പാലത്തിന് മുകളിലൂടെ പോകുന്ന വാഹനങ്ങൾ പടാപ്സ്കോ നദിയിലേക്ക് വീണു. തിരച്ചിലിന്‍റെ ദൈര്‍ഘ്യവും ജലത്തിന്‍റെ താപനിലയും കണക്കിലെടുത്താല്‍ കാണാതായ തൊഴിലാളികളെ ജീവനോടെ കണ്ടെത്താന്‍ സാധ്യതയില്ലെന്ന് യുഎസ് കോസ്റ്റ് ഗാർഡിൻ്റെ റിയർ അഡ്മിറൽ ഷാനൻ ഗിൽറെത്ത് പറഞ്ഞു. നിര്‍മാണ സംഘത്തിലുണ്ടായിരുന്ന രണ്ടു പേരെ ആദ്യം രക്ഷപ്പെടുത്തിയിരുന്നു. ഒരാളെ ഗുരുതരമായ പരിക്കുകളോടെ അടുത്തുള്ള ട്രോമ സെൻ്ററിലേക്ക് കൊണ്ടുപോയി, രണ്ടാമത്തെയാൾ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

കാണാതായ തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തുന്നതിനായി മുങ്ങല്‍ വിദഗ്ധര്‍ ബുധനാഴ്ച രാവിലെ ആറു മണിയോടെ തിരച്ചില്‍ തുടങ്ങുമെന്ന് മേരിലാൻഡ് സ്റ്റേറ്റ് പൊലീസ് അറിയിച്ചു. ''അപകടത്തിന് ഏകദേശം 10 മിനിറ്റ് മുന്‍പ് എന്‍റെ മകന്‍ പാലത്തിലുണ്ടായിരുന്നു'' പ്രദേശവാസിയായ ജെൻ വുൾഫ് പറയുന്നു. സിഡ്നിയിലെ ഹാർബർ ബ്രിഡ്ജിൻ്റെ ഇരട്ടിയോളം വലിപ്പമുള്ള ഈ പാലത്തിന് അമേരിക്കൻ ദേശീയ ഗാനമായ ദി സ്റ്റാർ-സ്പാംഗിൾഡ് ബാനർ എഴുതിയ ഫ്രാൻസിസ് സ്കോട്ട് കീയുടെ പേരാണ് നല്‍കിയിരിക്കുന്നത്. ചിന്തിക്കാന്‍ കഴിയാത്ത ദുരന്തമാണെന്ന് ബാൾട്ടിമോർ മേയർ ബ്രാൻഡൻ സ്കോട്ട് പറഞ്ഞു. തുറമുഖത്തെ ആശ്രയിച്ച് 15000 തൊഴിലവസരങ്ങള്‍ ഉള്ളതുകൊണ്ടും ദശലക്ഷക്കണക്കിന് അമേരിക്കക്കാർ പാലത്തെ ആശ്രയിക്കുകയും ചെയ്യുന്നതിനാൽ, ഫെഡറൽ ഗവൺമെൻ്റ് അതിൻ്റെ പുനർനിർമ്മാണത്തിന് പണം നൽകുമെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു. അമേരിക്കയുടെ കിഴക്കൻ കടൽത്തീരത്തെ പ്രധാന തുറമുഖങ്ങളിലൊന്നാണ് ബാൾട്ടിമോർ. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിന്‍റെ നേതൃത്വത്തില്‍ അപകടകാരണം അന്വേഷിക്കും.

TAGS :

Next Story