Quantcast

പണമില്ല; സർക്കാർ പരിപാടികളിൽ റെഡ് കാർപ്പറ്റ് നിരോധിച്ച് പാക് പ്രധാനമന്ത്രി

പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഫെഡറൽ കാബിനറ്റ് അംഗങ്ങളും തങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും സ്വമേധയാ ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-03-31 08:33:32.0

Published:

31 March 2024 7:11 AM GMT

Pakistan Prime Minister Shahbaz Sharif bans red carpet at government events due to financial constraints
X

ഇസ്‌ലാമാബാദ്:സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നതിനാൽ സർക്കാർ പരിപാടികളിൽ റെഡ് കാർപ്പറ്റ് നിരോധിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പ്രധാനമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ചുവന്ന പരവതാനി ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയതായി ക്യാബിനറ്റ് ഡിവിഷൻ അറിയിച്ചതായി എ.ആർ.വൈ ന്യൂസാണ് റിപ്പോർട്ട് ചെയ്തത്.

സർക്കാർ ചടങ്ങുകളിൽ ഫെഡറൽ മന്ത്രിമാരുടെയും മുതിർന്ന അധികാരികളുടെയും സന്ദർശന വേളയിൽ ചുവന്ന പരവതാനി ഉപയോഗിക്കുന്നതിൽ പ്രധാനമന്ത്രി നീരസം പ്രകടിപ്പിച്ചിരുന്നതായും റിപ്പോർട്ടിൽ പറഞ്ഞു. നയതന്ത്ര സ്വീകരണങ്ങളിൽ മാത്രമേ റെഡ് കാർപെറ്റ് ഉപയോഗിക്കൂവെന്നാണ് സർക്കാർ വിജ്ഞാപനത്തിൽ പറയുന്നത്.

ചെലവുചുരുക്കൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായി അടുത്തിടെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഫെഡറൽ കാബിനറ്റ് അംഗങ്ങളും തങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും സ്വമേധയാ ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു. ചെലവുചുരുക്കൽ നടപടികൾക്കാണ് സർക്കാർ മുൻഗണന നൽകുകയെന്ന് പ്രധാനമന്ത്രി ഷഹ്ബാസ് കഴിഞ്ഞ മാസം വ്യക്തമാക്കുകയും ചെയ്തിരുന്നു. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക വെല്ലുവിളികൾ കണക്കിലെടുത്ത് ശമ്പളവും ആനുകൂല്യങ്ങളും വാങ്ങില്ലെന്ന് പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരി നേരത്തെ തീരുമാനിച്ചിരുന്നു. ഈ മാസം ആദ്യത്തിലാണ് ഷഹബാസ് ഷെരീഫ് പാക് പ്രധാനമന്ത്രിയായി രണ്ടാം വട്ടം സത്യപ്രതിജ്ഞ ചെയ്തത്.

അതേസമയം, 2023ൽ പാകിസ്താൻ അവരുടെ ഏറ്റവും ചരിത്രത്തിലെ ഏറ്റവും തീവ്രമായ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിച്ചതായി ഹ്യൂമൻ റൈറ്റ്‌സ് വാച്ച് (എച്ച്ആർഡബ്ല്യു) പറഞ്ഞതായി ഡോൺ ദിനപത്രം റിപ്പോർട്ട് ചെയ്തു. ദാരിദ്ര്യം, പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയവ ആരോഗ്യം, ഭക്ഷണം, മതിയായ ജീവിത നിലവാരം എന്നിവയ്ക്കുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ അവകാശങ്ങളെ അപകടത്തിലാക്കിയതായി എച്ച്ആർഡബ്ല്യു ചൂണ്ടിക്കാട്ടിയെന്നും പറഞ്ഞു.

വെള്ളിയാഴ്ച പുറത്തിറക്കിയ 740 പേജുള്ള 'വേൾഡ് റിപ്പോർട്ട് 2024' ൽ, എച്ച്ആർഡബ്ല്യു 100ലധികം രാജ്യങ്ങളിലെ മനുഷ്യാവകാശ സമ്പ്രദായങ്ങളെയാണ് അവലോകനം ചെയ്തത്. അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) ചെലവുചുരുക്കൽ പിടിവാശിയും മതിയായ നഷ്ടപരിഹാര നടപടികളില്ലാതെ സബ്സിഡികൾ എടുത്തുകളഞ്ഞതും പാക്കിസ്താനിലെ താഴ്ന്ന വരുമാനമുള്ള വിഭാഗങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതായും നിരീക്ഷിച്ചു.

അതിനിടെ, പാകിസ്താൻ കാലാവസ്ഥാ വ്യതിയാനത്തിന് വളരെയധികം ഇരയാകുകയും ആഗോള ശരാശരിയേക്കാൾ ഗണ്യമായി ഉയർന്ന താപനിലയെ അഭിമുഖീകരിക്കുകയും ചെയ്യുകയാണെന്നും റിപ്പോർട്ടിൽ പറഞ്ഞു.

Next Story