Quantcast

കൈവിലങ്ങിലും കുലുങ്ങാതെ വിദ്യാർഥി; പൊലീസിനെ കാഴ്ചക്കാരാക്കി നമസ്‌കാരം

സതേൺ കാലിഫോർണിയ സർവകലാശാലയിലെ ഇസ്രായേൽ വിരുദ്ധ വിദ്യാർഥി പ്രതിഷേധത്തിനിടെ നൂറോളം വിദ്യാർഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2024-04-27 09:24:10.0

Published:

27 April 2024 8:08 AM GMT

Student performs his prayer while handcuffed, after the American police arrested him from the anti-Israel student protests at the University of Southern California, Israel attack on Gaza, Anti Israel students protest in US
X

വാഷിങ്ടൺ: ഇസ്രായേൽ ഗസ്സയിൽ തുടരുന്ന ആക്രമണങ്ങളിൽ യു.എസ് സർവകലാശാലകളിൽ വിദ്യാർഥി പ്രക്ഷോഭം ശക്തമാകുകയാണ്. ഓസ്റ്റിനിലെ ടെക്‌സാസ് സർവകലാശാല, ലോസ് ഏഞ്ചൽസിലെ സതേൺ കാലിഫോർണിയ സർവകലാശാല, ജോർജിയയിലെ എമോറി സർവകലാശാല, ബോസ്റ്റണിലെ എമേഴ്‌സൺ കോളജ് എന്നിവിടങ്ങളിലെല്ലാം വിദ്യാർഥി പ്രതിഷേധങ്ങളെ അറസ്റ്റും നടപടികളുമായാണ് യു.എസ് പൊലീസ് നേരിടുന്നത്. ഇതിനിടയിൽ പൊലീസ് കൈവിലങ്ങണിയിച്ച് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതിനിടെ നമസ്‌കരിക്കുന്ന വിദ്യാർഥിയുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

സതേൺ കാലിഫോർണിയ സർവകലാശാലയിലാണു സംഭവം. ഇസ്രായേൽ വിരുദ്ധ റാലിയിൽ പങ്കെടുത്ത വിദ്യാർഥിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. ഇരുകൈയിലും കൈവിലങ്ങണിയിച്ച വിദ്യാർഥി പൊലീസിനെ സാക്ഷിനിർത്തി നമസ്‌കരിക്കുന്ന ദൃശ്യങ്ങൾ 'അൽജസീറ അറബിക്' ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

അമേരിക്കയിലെ തന്നെ മുൻനിര സർവകലാശാലകളിലൊന്നാണ് സതേൺ കാലിഫോർണിയ യൂനിവേഴ്‌സിറ്റി. യു.എസിലെ മറ്റു സർവകലാശാലകളുടെ ചുവടുപിടിച്ച് ഇവിടെയും കഴിഞ്ഞ ദിവസമാണ് ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന നരഹത്യയ്‍ക്കെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ പ്രതിഷേധമാരംഭിച്ചത്. എന്നാൽ, തുടക്കം മുതൽ ലോസ് ഏഞ്ചൽസ് പൊലീസും ഭീഷണിയുമായി രംഗത്തെത്തി. പ്രതിഷേധ റാലികൾ തടഞ്ഞ പൊലീസ് പിരിഞ്ഞുപോകാൻ വിദ്യാർഥികൾക്കു മുന്നറിയിപ്പ് നൽകുകയായിരുന്നു. കാംപസിൽ പ്രതിഷേധ ടെന്റുകൾ സ്ഥാപിക്കാനുള്ള നീക്കം തടയുകയും ചെയ്തു.

സർവകലാശാല കാംപസിൽ കഴിഞ്ഞ ദിവസം നടന്ന ഇസ്രായേൽ വിരുദ്ധ റാലിയിൽ പങ്കെടുത്ത 93 വിദ്യാർഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. മെയിൻ കാംപസിലേക്കു പൊതുജനങ്ങൾക്കുള്ള പ്രവേശനം പൊലീസ് നിയന്ത്രിച്ചിരിക്കുകയാണ്. കാംപസിലും പരിസരപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാർഥി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ബിരുദദാന ചടങ്ങ് മാറ്റിവയ്ക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ചടങ്ങിൽ നേരത്തെ നിശ്ചയിച്ചിരുന്ന ഫലസ്തീൻ അനുകൂല വിദ്യാർഥിയുടെ പ്രസംഗം നേരത്തെ റദ്ദാക്കിയിരുന്നു.

ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലികൾക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചതു വലിയ വാർത്തയായിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യത്തെ മറ്റു സർവകലാശാലകളിലും വിദ്യാർഥി പ്രതിഷേധം ശക്തിപ്രാപിച്ചത്. കാംപസിലെ കുത്തിയിരിപ്പ് സമരം നിർത്താൻ സർവകലാശാല അധികൃതർ ഉത്തരവിട്ടിരുന്നു.

അതേസമയം, പൊലീസിന്റെയും സർവകലാശാലാ അധികൃതരുടെയും എതിർപ്പുകൾക്കിടയിലും കഴിഞ്ഞ ദിവസം വാഷിങ്ടൺ ഡി.സിയിലെ ജോർജ് വാഷിങ്ടൺ യൂനിവേഴ്‌സിറ്റിയിൽ നടന്ന ഇസ്രായേൽ വിരുദ്ധ റാലിയിൽ നൂറുകണക്കിനു വിദ്യാർഥികളാണു പങ്കെടുത്തത്. അറ്റ്‌ലാന്റയിലെ എമോറി യൂനിവേഴ്‌സിറ്റിയിൽ കാംപസിന്റെ അകത്തു പ്രവേശിച്ച പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ നേരിട്ടത്. നിരവധി പേരെ ഇവിടെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഓസ്റ്റിൻ, ബോസ്റ്റണ്, ലോസ് ഏഞ്ചൽസ് എന്നിവിടങ്ങളിലെല്ലാം അറസ്റ്റുമായാണ് വിദ്യാർഥി പ്രതിഷേധങ്ങളെ പൊലീസ് നേരിടുന്നത്. എന്നാൽ, ഭീഷണികൾ മറികടന്നും ഹാർവാഡ്, ബ്രൗൺ സർവകലാശാലകളിലെല്ലാം വിദ്യാർഥികൾ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. അധികൃതരുടെ മുന്നറിയിപ്പ് ലംഘിച്ച് കാംപസുകളിൽ കൂടാരങ്ങൾ കെട്ടിയും ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനങ്ങൾ തുടരുകയാണ്. അച്ചടക്ക നടപടികളുണ്ടാകുമെന്ന അധികൃതരുടെ വിലക്ക് മറികടന്നാണിത്. ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണം, ഫലസ്തീൻ അനുകൂല സംഘടനയായ ഹാർവാഡ് അണ്ടർഗ്രാജ്വേറ്റ് ഫലസ്തീൻ സോളിഡാരിറ്റി കമ്മിറ്റിക്ക് ഏർപ്പെടുത്തി വിലക്ക് അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാർഥികൾ ഉന്നയിക്കുന്നത്.

സമാനമായ സാഹചര്യം തന്നെയാണ് റോഡ് ഐലൻഡിലെ ബ്രൗൺ സർവകലാശാലയിലുമുള്ളത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്കുശേഷം 40ലേറെ ടെന്റുകളാണ് ഇവിടെ വിദ്യാർഥികൾ കെട്ടിയത്. ടെന്റുകൾ നീക്കം ചെയ്തില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന അധികൃതരുടെ മുന്നറിയിപ്പ് ഇവിടെയും വിദ്യാർഥികൾ മുഖവിലയ്‌ക്കെടുത്തിട്ടില്ല.

കൊളംബിയ സർവകലാശാലയിൽ വിദ്യാർഥികളും അധികൃതരും തമ്മിൽ തുടരുന്ന അസ്വാരസ്യങ്ങളും സംഘർഷാവസ്ഥയും മാറ്റമില്ലാതെ തുടരുകയാണ്. കാംപസിലെ പ്രതിഷേധ കാംപുകൾ നീക്കം ചെയ്യാൻ പലതവണ മുന്നറിയിപ്പ് ലഭിച്ചിട്ടും വിദ്യാർഥികൾ അനങ്ങിയിട്ടില്ല. സർവകലാശാലാ അധികൃതർ പൊലീസിനെ അകത്തേക്കു വിളിക്കുകയും നൂറിലേറെ വിദ്യാർഥികളെ അറസ്റ്റ് ചെയ്തു നീക്കുകയുമുണ്ടായി. 48 മണിക്കൂറിനകം കെട്ടിപ്പൊക്കിയ ടെന്റുകളെല്ലാം നീക്കംചെയ്യണമെന്നാണ് ഒടുവിൽ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അതിനിടെ, യു.എസ് കോൺഗ്രസിലെ റിപബ്ലിക്കൻ പ്രതിനിധിയും സ്പീക്കറുമായ മൈക് ജോൺസൻ കാംപസ് സന്ദർശിച്ച് ജൂത വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രിക്കാനാകുന്നില്ലെങ്കിൽ രാജിവയ്ക്കണമെന്ന് കൊളംബിയ സർവകലാശാല പ്രസിഡന്റ് മിനോഷ് ഷാഫിക്കിനോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Summary: A student performs his prayer while handcuffed, after the American police arrested him from the anti-Israel student protests at the University of Southern California

TAGS :

Next Story