Quantcast

ഫലസ്തീനികൾക്കെതി​രായ അതിക്രമം: ഇസ്രായേൽ സൈനിക വിഭാഗത്തെ ഉപരോധിക്കാൻ അമേരിക്ക

ഉപരോധിക്കാനുള്ള നീക്കം ചെറുക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി

MediaOne Logo

Web Desk

  • Updated:

    2024-04-21 07:40:50.0

Published:

21 April 2024 7:38 AM GMT

Netzah Yehuda battalion
X

വാഷിങ്ടൺ: ഇസ്രായേൽ അധിനിവേശ സേനയിലെ നെത്സാ യെഹൂദ ബറ്റാലി​യനെതിരെ ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക ഒരുങ്ങുന്നതായി റിപ്പോർട്ട്. അധിനിവേശ വെസ്റ്റ് ബാങ്കിലെ അതിക്രമവും ഫലസ്തീനികൾക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളും ആരോപിച്ചാണ് ഉപരോധം കൊണ്ടുവരുന്നത്.

ആദ്യമായിട്ടാണ് ഇസ്രായേൽ സൈനിക വിഭാഗത്തിന് അമേരിക്ക ഉപരോധം ഏർപ്പെടുത്താൻ ഒരുങ്ങുന്നത്. ഉപരോധം ഏർപ്പെടുത്തിയാൽ 1997ലെ നിയമപ്രകാരം ബറ്റാലിയനും അതിലെ അംഗങ്ങൾക്കും അമേരിക്കയുടെ സൈനിക സഹായമോ പരിശീലനമോ ലഭിക്കില്ല. മനഃപ്പൂർവം മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന വിദേശ സുരക്ഷ, സൈനിക, പൊലീസ് യൂണിറ്റുകൾക്ക് യു.എസ് സഹായവും പ്രതിരോധ വകുപ്പിന്റെ പരിശീലന പരിപാടികളും ഈ നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്.

പ്രത്യേക സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് സംഘം നടത്തിയ സമഗ്ര അന്വേഷണത്തെ തുടർന്നാണ് നെത്‌സ യെഹൂദ യൂണിറ്റിനെതിരെ ഉപരോധം ഏർപ്പെടുത്തുന്നത്. വെസ്റ്റ് ബാങ്കിൽ പ്രവർത്തിക്കുന്ന ഒന്നിലധികം ഇസ്രായേലി സൈനിക, പൊലീസ് യൂണിറ്റുകളെ അമേരിക്കയുടെ സഹായം സ്വീകരിക്കുന്നതിൽ നിന്ന് അയോഗ്യരാക്കാൻ അന്വേഷണ സംഘം ശുപാർശ ചെയ്തിരുന്നു. ഈ യൂണിറ്റുകൾ പ്രവർത്തനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയതിനാൽ ഉപരോധം ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. അതേസമയം, ഒക്‌ടോബർ 7-ലെ ഹമാസിന്റെ അൽ-അഖ്‌സ ഫ്‌ളഡ് ഓപ്പറേഷന് മുമ്പുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നെത്‌സ യെഹൂദ യൂണിറ്റിനെതിരായ ഉപരോധം കൊണ്ടുവരുന്നതെന്ന് യു.എസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

തീവ്ര-യാഥാസ്ഥിതിക സൈനികർക്കായുള്ള പ്രത്യേക യൂണിറ്റായാണ് നെത്സ യെഹൂദ ബറ്റാലിയൻ സ്ഥാപിതമായത്. വെസ്റ്റ് ബാങ്കിലെ വിവാദപരമായ പല അക്രമങ്ങൾക്കും ഇവർ നേതൃത്വം നൽകിയിട്ടുണ്ട്. 2022 ജനുവരിയിൽ 80കാരനായ ഫലസ്തീൻ-അമേരിക്കൻ പൗരൻ ഒമർ അസദിൻ്റെ മരണം ഏറെ വിവാദമായിരുന്നു. വെസ്റ്റ് ബാങ്കിലെ ഗ്രാമത്തിൽ നിന്ന് പിടികൂടിയ ഇദ്ദേഹത്തെ ഇവർ അതിക്രൂരമായ മർദനത്തിന് ഇരയാക്കി കൊലപ്പെടുത്തി. ബറ്റാലിയനെതിരെ വലിയ വിമർശനങ്ങളും ആരോപണങ്ങളും ഉയർന്നതോടെ 2023 ജനുവരിയിൽ ഇവരെ വെസ്റ്റ് ബാങ്കിൽ നിന്ന് അധിനിവേശ ഗോലാൻ കുന്നുകളിലേക്ക് മാറ്റി വിന്യസിച്ചിട്ടുണ്ട്.

അതേസമയം, അമേരിക്ക ഒരു ബറ്റാലിയന് മാത്രമാണ് ഉപരോധം ഏർപ്പെടുത്തുന്നതെന്നും അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം ഇസ്രായേലി അധിനിവേശ സേന നടത്തിയ നിരവധി ലംഘനങ്ങൾക്ക് നേരെ കണ്ണടക്കുകയാണെന്നും വിമർശനം ഉയർന്നിട്ടുണ്ട്. ഇസ്രായേലി കുടിയേറ്റക്കാരെയും അവരുടെ അക്രമ പ്രവർത്തനങ്ങളെയും പിന്തുണച്ച് ഇസ്രായേൽ സൈന്യം ഫലസ്തീനികളെ കുടിയിറക്കുകയാണെന്ന് കഴിഞ്ഞദിവസം ഹ്യൂമൺ റൈറ്റ്സ് വാച്ച് പുറത്തുവിട്ട റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

2023 ഒക്ടോബർ ഏഴിന് ശേഷം കുടിയേറ്റക്കാരുടെ ആക്രമണം കാരണം 20 ഫലസ്തീൻ കമ്മ്യൂണിറ്റികളെയാണ് മാറ്റിപ്പാർപ്പിച്ചത്. ഏഴ് കമ്മ്യൂണിറ്റികളെ പൂർണമായും പിഴുതുമാറ്റി. വ്യക്തിഗത സ്വത്തുക്കളും കന്നുകാലികളെയും ഇവർ മോഷ്ടിച്ചു. കൂടാതെ ലൈംഗികാതിക്രമങ്ങൾ നടന്നതായും റിപ്പോർട്ട് വിശദമാക്കുന്നു.

ഫലസ്തീനികളെ അവരുടെ വീടുകളിൽ നിന്ന് ഇറങ്ങിപ്പോകാൻ കുടിയേറ്റക്കാർ വധഭീഷണികൾ മുഴക്കുകയാണ്. പലരെയും തോക്കിൻ മുനയിൽ നിർത്തിയാണ് ഭീഷണിപ്പെടുത്തുന്നത്. ഇസ്രായേൽ സൈന്യത്തിൻ്റെ യൂണിറ്റുകളുമായി സഹകരിച്ച് സായുധ കുടിയേറ്റക്കാർ ഗതാഗതം തടസ്സപ്പെടുത്തുകയും ഫലസ്തീനികളെ ആക്രമിക്കുകയാണെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.

അതേസമയം, ഇസ്രായേൽ പ്രതിരോധ സേനയുടെ നെത്സ യെഹൂദ ബറ്റാലിയനെതിരെ ഉപരോധം ഏർപ്പെടുത്താനുള്ള യു.എസ് നീക്കത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അപലപിച്ചു. ഇസ്രായേൽ പ്രതിരോധ സേനയെ ഉപരോധിക്കരുത്. നമ്മുടെ സൈനികർ തീവ്രവാദികളോട് പോരാടുകയാണ്. ഐ.ഡി.എഫ് യൂണിറ്റിനുമേൽ ഉപരോധം ഏർപ്പെടുത്താനുള്ള ഉദ്ദേശ്യം അസംബന്ധവും നിലവാരം കുറഞ്ഞ നടപടിയുമാണ്. താൻ നയിക്കുന്ന ഇസ്രായേൽ സർക്കാർ ഈ നീക്കത്തെ എല്ലാ മാർഗങ്ങളിലൂടെയും ചെറുക്കുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

TAGS :

Next Story