Quantcast

ലഹരിമരുന്നിലെ പ്രധാന ചേരുവ മനുഷ്യന്റെ അസ്ഥി; ശവക്കുഴികൾ മാന്തി യുവാക്കൾ; സിയേറ ലിയോണിൽ അടിയന്തരാവസ്ഥ

രാജ്യത്തെ സെമിത്തേരികളിൽ സുരക്ഷ വർധിപ്പിച്ച് സർക്കാർ

MediaOne Logo

Web Desk

  • Updated:

    2024-04-10 14:39:10.0

Published:

10 April 2024 1:56 PM GMT

ലഹരിമരുന്നിലെ പ്രധാന ചേരുവ മനുഷ്യന്റെ അസ്ഥി;  ശവക്കുഴികൾ മാന്തി യുവാക്കൾ;  സിയേറ ലിയോണിൽ അടിയന്തരാവസ്ഥ
X

സിയേറ ലിയോൺ: മനുഷ്യ അസ്ഥി കൊണ്ടുണ്ടാക്കുന്ന ലഹരിമരുന്നിന് പ്രചാരമേറിയതോടെ ശവകുഴികൾ മാന്തി അസ്ഥികളെടുക്കുകയാണ് പടിഞ്ഞാറൻ ആഫിക്കൻ രാജ്യമായ സിയേറ ലിയോണിലെ യുവാക്കൾ.

'സോംബി ഡ്രഗ്ഗ്' എന്നറിയപ്പെടുന്ന സൈലൈൻ ലഹരിമരുന്നിന് പ്രചാരമേറിയതോടെയാണ് സിയേറ ലിയോണിൽ ഭീകരാവസ്ഥയ്ക്ക് തുടക്കമാവുന്നത്. പലതരം രാസവസ്തുക്കളും അസ്ഥി പൊടിയും ഉപയോഗിച്ചാണ് ഈ ലഹരിമരുന്ന് ഉണ്ടാക്കുന്നത്. സംഭവം നിയന്ത്രണത്തിനതീതമായതോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഗവൺമെന്റ്.

ലഹരിക്കടിമയായി അവയവങ്ങൾ തകരാറായി നൂറുകണക്കിന് യുവാക്കളാണ് രാജ്യത്ത് മരണത്തിന് കീഴടങ്ങിയത്. 2020 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ ലഹരിമരുന്ന് അനുബന്ധ അസുഖങ്ങളെത്തുടർന്ന് ആശുപത്രിയെ സമീപിച്ച ആളുകളുടെ കണക്കിൽ 4000 ശതമാനം വർധനവാണുണ്ടായത്.

മരണക്കെണിയായാണ് രാജ്യത്തിന്റെ പ്രസിഡന്റായ ജൂലിയസ് മാഡ ബയോ ലഹരിമരുന്നിനെ ഉപമിച്ചത് . രാജ്യം നിലനിൽപിനായുള്ള യുദ്ധത്തിലൂടെ പൊയ്‌ക്കൊണ്ടിരിക്കുകയാണെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.

രാജ്യത്തെ ലഹരിമരുന്ന് പ്രതിരോധത്തിനായുള്ള പ്രത്യേക സേനയിലെ അംഗസംഖ്യ വർധിപ്പിച്ചതിന് പിന്നാലെ രാജ്യത്തെ എല്ലാ സെമിത്തേരികളിലും സുരക്ഷ ശക്തമാക്കാനും പ്രസിഡന്റ് നിർദേശിച്ചിട്ടുണ്ട്.

പ്രധാനമായും മൃഗങ്ങൾക്കായി ഉപയോഗിക്കുന്ന മയക്കുമരുന്നാണ് സൈലൈൻ. ഇതിലേക്ക് മറ്റ് ലഹരിമരുന്നുകളായ കൊക്കെയിനോ ഫെന്റനൈലോ ചേർക്കുന്നതോടെയാണ് ഇത് സോബി ഡ്രഗ്ഗ് ആയി മാറുന്നത്. ഇത് ഉപയോഗിക്കുന്നയാൾ ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഹൊറർ ഫിക്ഷൻ സിനിമകളിലെ സോംബികളെപ്പോലെ പെരുമാറാൻ തുടങ്ങുന്നു. കൂടാതെ തൊലി ചീഞ്ഞ് മുറിവുകളുണ്ടാകുന്ന അവസ്ഥയുമുണ്ട്. ലഹരി ശരീരത്തിൽ പ്രവർത്തനമാരംഭിക്കുന്നതോടെ ഉപയോഗിച്ചയാൾ 20 മിനുറ്റോളം മയങ്ങുന്നു. തുടർന്ന് ലഹരി ഇവരുടെ ശരീരത്തിന്റെ നിയന്ത്രണമേറ്റെടുക്കുന്നു. ഉപയോഗിക്കുന്നയാളെ പ്രതിമപോലെ ഒരു സ്ഥലത്ത് നിൽക്കുന്നതാണ് ലഹരിയുടെ മറ്റൊരു പ്രത്യേകത. മണിക്കൂറുകൾ ഇത്തരത്തിൽ നിൽക്കുന്നതോടെ പേശികൾക്കും നാഡികൾക്കും ഹൃദയത്തിനുമടക്കം ബുദ്ധിമുട്ടുകളുണ്ടാകുന്നു.

അമേരിക്കയിൽ നിന്നാണ് ലഹരി രാജ്യത്തെത്തിയതെന്നാണ് നിലവിലെ നിഗമനം.

TAGS :

Next Story