Quantcast

സോസിബിനി തുൻസി; സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ വിശ്വസുന്ദരി

സ്വഭാവിക സൗന്ദര്യത്തിന്റെ വക്താവായ സോസിബിനി ഓരോരുത്തരുടെയും ബാഹ്യരൂപം എങ്ങനെയാണോ അതിനെ അപ്രകാരം തന്നെ ഉൾക്കൊള്ളാനും സ്നേഹിക്കാനും പഠിക്കണമെന്ന സന്ദേശമാണ് മുന്നോട്ടുവെച്ചത്.

MediaOne Logo

Web Desk

  • Updated:

    2024-03-21 13:18:34.0

Published:

21 March 2024 1:12 PM GMT

Zozibini Tunzi
X

'എന്റേതു പോലുള്ള നിറമോ മുടിയോ ഉള്ളവരെ സുന്ദരിമാരായി പരിഗണിക്കാൻ തയാറാകാത്ത ലോകത്താണ് ഞാൻ വളർന്നത്. അത് അവസാനിപ്പിക്കേണ്ട ദിവസമാണ് ഇതെന്ന് എനിക്ക് തോന്നുന്നു'- 2019ൽ മിസ് യൂണിവേഴ്സ് കിരീടം ശിരസിലേറ്റി അഭിമാനത്തോടെ വേദിയിൽ നിൽക്കുമ്പോൾ ദക്ഷിണാഫ്രിക്കൻ സുന്ദരി സോസിബിനി തുൻസി പറഞ്ഞ വാക്കുകളാണിവ. കറുത്ത കുട്ടികൾക്ക് സൗന്ദര്യമത്സരത്തിന് സമ്മാനം കിട്ടിയിട്ടുണ്ടോ എന്ന ചോദ്യം ഇപ്പോഴും ഉയർന്നുകേൾക്കുമ്പോഴാണ് സോസിബിനി തുൻസി എന്ന പേരും സൗന്ദര്യ സങ്കൽപ്പങ്ങളെ മാറ്റിമറിച്ച് അവർ രചിച്ച വിജയഗാഥയും ചർച്ചയാകുന്നത്.


1993ൽ കിഴക്കൻ കേപ്പിലെ സോളോയിലാണ് സോസിബിനി തുൻസിയുടെ ജനനം. ദക്ഷിണാഫ്രിക്കയിലെ ലിംഗാധിഷ്ടിത അതിക്രമങ്ങൾക്കെതിരായ സോസിബിനിയുടെ പോരാട്ടങ്ങൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടതാണ്. സ്ത്രീയെന്നതിന്റെ പേരിൽ നേരിടുന്ന വിവേചനത്തെയും അടിച്ചമർത്തലുകളെയും അതിക്രമങ്ങളെയും തടയുന്നതിനുവേണ്ടി നിരവധി സോഷ്യൽ മീഡിയാ കാമ്പയിനുകൾ സോസിബിനി നടത്തിയിട്ടുണ്ട്. സ്വഭാവിക സൗന്ദര്യത്തിന്റെ വക്താവ് കൂടിയാണ് അവർ. ഓരോരുത്തരുടേയും ബാഹ്യരൂപം എങ്ങനെയാണോ അതിനെ അപ്രകാരം തന്നെ ഉൾക്കൊള്ളാനും സ്നേഹിക്കാനും പഠിക്കണമെന്നാണ് സോസിബിനിയുടെ പക്ഷം.


നേരത്തേ മിസ് സൗത്ത് ആഫ്രിക്കയായിരുന്ന സോസിബിനി കരിയറിലുടനീളം പലതരം സമ്മർദങ്ങൾക്ക് വിധേയയായതും ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ ആഫ്രോ മുടി സൗന്ദര്യമത്സരത്തിൽ വെല്ലുവിളിയാകുമെന്നതിനാൽ അതിന്റെ ഘടന മാറ്റാൻവരെ സമ്മർദങ്ങളുണ്ടായി. എന്നാൽ ഇത്തരം ഇടപെടലുകളെയെല്ലാം സധൈര്യം നേരിട്ട് മുന്നോട്ടുപോവുകയായിരുന്നു സോസിബിനി. 'എന്റെ നീളം കുറഞ്ഞ, ആഫ്രോ മുടിയിൽ ഞാൻ കൂടുതൽ സുന്ദരിയാണ്' എന്നാണ് സോസിബിനിക്ക് പറയാനുള്ളത്. 'ഇത് എൻ്റെ തലയിൽ നിന്ന് വളരുന്നത് ഇങ്ങനെയാണ്. ലോകം അത് അങ്ങനെ കാണണമെന്ന് ഞാൻ ആഗ്രഹിച്ചു'- എന്നും അവർ കൂട്ടിച്ചേർക്കുന്നുണ്ട്. തന്നെപ്പോലെയുള്ള പെണ്‍കുട്ടികളോട് വിശ്വസുന്ദരിയാകാൻ നിങ്ങൾക്ക് കഴിയുമോ എന്ന് ചോദിച്ചാൽ സാധിക്കുമെന്ന് പറയാൻ ഇനി അവർക്ക് ഉറപ്പായും കഴിയുമെന്നും സോസിബിനി വ്യക്തമാക്കിയിരുന്നു.


വിശ്വസുന്ദരി പട്ടത്തിനായുള്ള മത്സരത്തിൽ ചോദ്യോത്തര വേളയിൽ പക്വതയാർന്ന ഉത്തരങ്ങളിലൂടെ വിധികർത്താക്കളെ അതിശയിപ്പിച്ചിരുന്നു സോസിബിനി. 'യുവതലമുറയിലെ പെൺകുട്ടികൾക്ക് നാം പഠിപ്പിച്ചുകൊടുക്കേണ്ടത് എന്താണെന്ന ചോദ്യത്തിന്, വളരെക്കാലമായി യുവതലമുറയിലെ പെൺകുട്ടികളിലും സ്ത്രീകളിലും വളരെ കുറവായി കണ്ടുവരുന്നത് നേതൃപാടവമാണെന്നും അവർ അത് ആഗ്രഹിക്കാത്തതുകൊണ്ടല്ല, മറിച്ച് സമൂഹം സ്ത്രീകൾ അങ്ങനെയായിരിക്കണം എന്ന് അടയാളപ്പെടുത്തിയതുകൊണ്ടാണെന്നുമായിരുന്നു സോസിബിനിയുടെ ഉത്തരം. ഓപ്ര വിൻഫ്രി അടക്കം പ്രമുഖരാണ് അന്ന് സോസിബിനിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

സോസിബിനി തുൻസി മാത്രമല്ല, 2019ലെ മിസ് അമേരിക്ക, മിസ് യുഎസ്എ, മിസ് ടീൻ യുഎസ്എ, മിസ് വേൾഡ് മത്സരങ്ങളിലെല്ലാം കിരീടം ചൂടിയത് കറുത്ത വംശജരായ സ്ത്രീകളായിരുന്നു. തങ്ങൾ കടന്നുവന്ന വർണവിവേചനങ്ങളുടെ അധ്യായം ഇവിടെ അവസാനിക്കുന്നുവെന്ന അവരുടെ ഉറച്ച പ്രഖ്യാപനങ്ങളോടെയാണ് ഈ ചരിത്ര മുഹൂർത്തങ്ങളോരോന്നും ലോകം കണ്ടത്. എന്നാൽ, അവ വീണ്ടും വീണ്ടും ഓർമിപ്പിക്കേണ്ടി വരുന്നുവെന്ന യാഥാർഥ്യമാണ് പരിതാപകരമാകുന്നത്.

TAGS :

Next Story