Quantcast

മുസ്‌ലിം അഭിഭാഷകരോട് മതപരമായ വിവേചനം; ജഡ്ജിയെ വിളിച്ചുവരുത്തി അലഹാബാദ് ഹൈക്കോടതി

വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി കോടതി ഇടവേള അനുവദിക്കണമെന്ന മുസ്‌ലിം അഭിഭാഷകരുടെ അപേക്ഷ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി വിവേകാനന്ദ് ശരണ്‍ ത്രിപാഠി നിരസിച്ചതിനെ തുടർന്നാണ് സംഭവം

MediaOne Logo

Web Desk

  • Updated:

    2024-04-17 10:43:51.0

Published:

17 April 2024 10:39 AM GMT

Allahabad High Court
X

അലഹാബാദ്: മുസ്‌ലിം വിഭാഗത്തില്‍ പെട്ട അഭിഭാഷകരോട് മതപരമായ വിവേചനം കാണിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് മുതിര്‍ന്ന ജഡ്ജി വിവേകാന്ദ് ശരണ്‍ ത്രിപാഠിയെ അലഹാബാദ് ഹൈക്കോടതി വിളിച്ചുവരുത്തി. 'ഒരു പ്രത്യേക സമുദായത്തിനെതിരെ ജഡ്ജിന്റെ നിരീക്ഷണങ്ങള്‍ അപമര്യാദയോട് കൂടിയുള്ളതാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി.

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് മുസ്‌ലിം പുരോഹിതന്‍മാരായ മുഹമ്മദ് ഉമര്‍ ഗൗതം, മുഫ്തി ഖാസി ജഹാംഗീര്‍ ആലം ഖാസ്മി എന്നിവര്‍ക്കെതിരെ ഉത്തര്‍പ്രദേശിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നല്‍കിയ കേസിന്റെ വിചാരണക്കിടയിലാണ് സംഭവം.

വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി കോടതി ഇടവേള അനുവദിക്കണമെന്ന മുസ്‌ലിം അഭിഭാഷകരുടെ അപേക്ഷ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി വിവേകാനന്ദ് ശരണ്‍ ത്രിപാഠി മുമ്പ് നിരസിച്ചിരുന്നു. പ്രാര്‍ത്ഥനയ്ക്ക് പോകുന്ന് അഭിഭാഷകര്‍ക്ക് പകരം അമിക്കസ് ക്യൂറിയെ നിയമിക്കുകയും ചെയ്തു. ഇവര്‍ പ്രാര്‍ത്ഥനയ്ക്ക് പോകുന്ന സമയത്ത് കുറ്റാരോപിതരായ വ്യക്തികള്‍ക്കുവേണ്ടി അമിക്കസ് ക്യൂരി ഹജരാകണമെന്നും ഉത്തരവിട്ടു.

പ്രതികളിലൊരാള്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് വിചാരണക്കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ ജസ്റ്റിസ് ഷമീം അഹമ്മദ് കഴിഞ്ഞ മാസം സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരാകാന്‍ വിചാരണക്കോടതി മുസ്‌ലിം അഭിഭാഷകര്‍ക്ക് അനുമതി നല്‍കി. എന്നാല്‍ ഇലക്ട്രോണിക് തെളിവുകള്‍ക്കായുള്ള അപേക്ഷയില്‍ തീര്‍പ്പാക്കിയില്ല.

വിചാരണക്കോടതിയുടെ നടപടി ഹൈക്കോടതി ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തുകയും സ്റ്റേയുടെ ഗൗരവം മനസ്സിലാക്കുന്നതില്‍ ജഡ്ജി പരാജയപ്പെട്ടുവെന്നും ഏകപക്ഷീയമായ രീതിയിലാണ് മുന്നോട്ട് പോയതെന്നും കോടതി പറഞ്ഞു.

ഒരു പ്രത്യേക മതത്തില്‍ പെട്ടവരായതിനാല്‍ വിചാരണ വേളയില്‍ അപേക്ഷകന്റെ അഭിഭാഷകന്‍ ഹാജരായില്ലെന്ന' ജഡ്ജിന്റെ നിരീക്ഷണത്തെയും കോടതി വിമര്‍ശിച്ചു. വ്യക്തിപരമായ പെരുമാറ്റത്തിലൂടെ ഒരു ജഡ്ജി മോശമായി പെരുമാറുന്നത് അവരുടെ ജുഡീഷ്യറിയുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു. അതേസമയം ഹരജിക്കാരനെതിരായ വിചാരണ തുടരുന്നതില്‍ നിന്ന് വിചാരണക്കോടതിയെ ഹൈക്കോടതി വിലക്കി. തുടര്‍ന്ന് ജുഡീഷ്യല്‍ ഓഫീസറെ വിളിച്ചുവരുത്തി കോടതി ഉത്തരവുകള്‍ സംബന്ധിച്ച് വിശദീകരണം തേടുകയും ചെയ്തു.

തിങ്കളാഴ്ച ജഡ്ജി ത്രിപാഠി സിംഗിള്‍ ജഡ്ജിക്ക് മുന്നില്‍ ഹാജരായി മാപ്പ് പറഞ്ഞു. തെറ്റിദ്ധരിപ്പിച്ചാണ് താന്‍ ഉത്തരവുകള്‍ പാസാക്കിയതെന്നും ഭാവിയില്‍ ജാഗ്രത പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രണ്ടു ദിവസത്തെ സാവകാശം ത്രിപാഠിയുടെ അഭിഷകന്‍ തേടിയതോടെ കേസ് പതിനെട്ടിലേക്കു മാറ്റി.


TAGS :

Next Story