Quantcast

'ഇനിയാരും ധൈര്യപ്പെടരുത്, പരമാവധി ശിക്ഷ നല്‍കണം'; കോണ്‍ഗ്രസ് നേതാവിന്റെ മകളുടെ കൊലപാതകത്തില്‍ പ്രതിയുടെ പിതാവ്

കൂപ്പുകൈകളോടെ നേഹയുടെ കുടുംബത്തോട് ക്ഷമ ചോദിക്കുകയാണെന്നും ഫയാസിന്റെ പിതാവ്

MediaOne Logo

Web Desk

  • Updated:

    2024-04-21 08:10:38.0

Published:

21 April 2024 7:53 AM GMT

neha Hiremath
X

ബംഗളൂരു: ഹുബ്ബള്ളിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ മകളെ കോളജില്‍ വച്ച് കൊലപ്പെടുത്തിയതില്‍ കുറ്റക്കാരനായ തന്റെ മകന് തക്കതായ ശിക്ഷ നല്‍കണമെന്ന് പിതാവ്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവ് നിരഞ്ജന്‍ ഹിരേമത്തിന്റെ മകള്‍ 23 കാരി നേഹ ഹിരേമത്തിനെ കഴിഞ്ഞ ദിവസമാണ് സുഹൃത്ത് ഫയാസ് കോളജ് കാമ്പസില്‍ വച്ച് കുത്തിക്കൊലപ്പെടുത്തിയത്.

ഇത്തരമൊരു കാര്യം ചെയ്യാന്‍ ആരും ഇനി ധൈര്യപ്പെടാത്ത വിധം ഫയാസിനെ ശിക്ഷിക്കണം. കൂപ്പുകൈകളോടെ നേഹയുടെ കുടുംബത്തോട് ക്ഷമ ചോദിക്കുകയാണ്. അവള്‍ തനിക്ക് മകളെ പോലെയാണെന്നും ഫയാസിന്റെ പിതാവ് ബാബാ സാഹേബ് സുബാനി നിറകണ്ണുകളോടെ പറഞ്ഞു.

വ്യാഴാഴ്ച വൈകീട്ട് ആറിനാണ് സംഭവം അറിയുന്നതെന്നും മകന്‍ ചെയ്ത തെറ്റ് അറിഞ്ഞ് ഭയന്നു പോയെന്നും സ്കൂൾ അധ്യാപകനായ സുബാനി പറഞ്ഞു. ആറു വര്‍ഷമായി ഭാര്യയുമായി വേര്‍ പിരിഞ്ഞ് താമസിക്കുകയാണ് താന്‍. മകന്‍ ഭാര്യക്കൊപ്പമാണ് താമസമെന്നും സുബാനി പറഞ്ഞു. മൂന്ന് മാസം മുമ്പാണ് അവനുമായി സംസാരിച്ചത്. ആവശ്യങ്ങളുണ്ടാകുമ്പോള്‍ അവന്‍ വിളിക്കാറുണ്ടെന്നും പിതാവ് പറഞ്ഞു.

ഫയാസ് മകളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് അറിയിക്കാന്‍ എട്ട് മാസം മുമ്പ് നേഹ ഹിരേമത്തിന്റെ കുടുംബം തന്നെ വിളിച്ചിരുന്നുവെന്നും ഫയാസും നേഹയും പരസ്പരം പ്രണയത്തിലായിരുന്നുവെന്നും പിതാവ് പറഞ്ഞു. മകന്റെ ചെയ്തികളില്‍ തന്നോട് ജനങ്ങള്‍ ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കൊലപാതകത്തിന് ലൗ ജിഹാദുമായി ബന്ധമില്ലെന്ന് ഫയാസിന്റെ മാതാവ് പറഞ്ഞു. മകന്‍ വിഷാദത്തിലായിരുന്നുവെന്നും കഴിഞ്ഞ ഒന്നര വര്‍ഷമായി വീട്ടില്‍ തന്നെ കഴിയുകയായിരുന്നുവെന്നും മാതാവ് മുംതാസ് പ്രതികരിച്ചു. ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇക്കാര്യം ഞാന്‍ അറിയുന്നത്. കാമ്പസില്‍ നടന്ന ബോഡി ബില്‍ഡിങ് മത്സരത്തില്‍ പങ്കെടുത്ത് ഫയാസ് ജയിച്ചതിനു പിന്നാലെ നേഹയാണ് അവന്റെ ഫോണ്‍ നമ്പര്‍ വാങ്ങി അവനെ ആദ്യം വിളിച്ചതെന്നും മാതാവ് പറഞ്ഞു.

ഏപ്രില്‍ 18ന് നടന്ന കൊലപാതകത്തിനു പിന്നാലെ വിഷയത്തില്‍ ബിജെപി ലൗ ജിഹാദ് ആരോപണവുമായി രംഗത്തുവന്നിരുന്നു. നേഹയുടെ മരണത്തില്‍ നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി പ്രതിഷേധവും റോഡ് ഉപരോധവും കോളജ് ബന്ദും നടത്തിയിരുന്നു. എന്നാല്‍ ഈ ആരോപണം കര്‍ണാടക സര്‍ക്കാര്‍ തള്ളിക്കളഞ്ഞു.

ബി.വി.ബി കോളജില്‍ മാസ്റ്റേഴ്‌സ് ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വിദ്യാര്‍ഥിനിയായ 23 കാരി നേഹ പ്രണയഭ്യര്‍ഥന നിരസിച്ചതാണ്‌ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുടുംബം നല്‍കിയ വിവരം. പ്രതിയായ ഫയാസ് നേഹയെ പലതവണ പ്രണയം അഭ്യര്‍ഥിച്ച് സമീപിച്ചിരുന്നുവെന്നും എന്നാല്‍ നേഹ ഇത് നിരസിക്കുകയായിരുന്നുവെന്നും വ്യത്യസ്ത മതത്തിലുള്ളവരായതിനാല്‍ ബന്ധത്തിന് താല്‍പര്യമില്ല എന്ന് പറഞ്ഞാണ് ഫയാസിനെ ഒഴിവാക്കാന്‍ ശ്രമിച്ചത് എന്നും നേഹയുടെ പിതാവ് പറഞ്ഞു.

സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. സംഭവത്തിന് ലൗ ജിഹാദുമായി ബന്ധമൊന്നുമില്ലെന്നും ഭയവും പരിഭ്രാന്തിയും സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ ആരോപിച്ചു.

അതേസമയം ഫയാസും നേഹയും പ്രണയത്തിലായിരുന്നുവെന്ന് കാണിച്ച് സാമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദുത്വ പ്രവർത്തകരുടെ പരാതിയിലാണ് അറസ്റ്റ് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊലപാതകത്തെ ന്യായീകരിക്കുന്നതാണ് സാമൂഹമാധ്യമ പോസ്റ്റുകള്‍ എന്ന് പരാതിയില്‍ പറയുന്നു.

TAGS :

Next Story