Quantcast

'മമത ബാനർജിയെ അറസ്റ്റ് ചെയ്യണം, തൃണമൂൽ കോൺ​ഗ്രസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം'; ബിജെപി നേതാവ്

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കാനാണ് സിബിഐയുടെ നടപടിയെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.

MediaOne Logo

Web Desk

  • Updated:

    2024-04-27 11:09:50.0

Published:

27 April 2024 11:07 AM GMT

Arrest Mamata, declare TMC a terror outfit demands BJP leader
X

കൊൽക്കത്ത: പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ അറസ്റ്റ് ചെയ്യണമെന്നും തൃണമൂൽ കോൺ​ഗ്രസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരി. സന്ദേശ്ഖാലിയിൽ, സസ്പെൻഡ് ചെയ്യപ്പെട്ട മുൻ തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് വിദേശ നിർമിത റിവോൾവറുകൾ ഉൾപ്പെടെ നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ പരാമർശം.

ഇത്തരം ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നും ഷെയ്ഖിനെപ്പോലുള്ള തീവ്രവാദികളെ വളർത്തിയതിൽ സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയായി തുടരാനുള്ള ധാർമിക അധികാരം മമതയ്ക്ക് നഷ്ടപ്പെട്ടെന്നും സുവേന്ദു അധികാരി ആരോപിച്ചു.

'സന്ദേശ്ഖാലിയിൽ നിന്ന് കണ്ടെത്തിയ എല്ലാ ആയുധങ്ങളും വിദേശനിർമിതമാണ്. അവ ഭീകരർ ഉപയോ​ഗിക്കുന്നവയാണ്. ഈ സംഭവത്തിൻ്റെ പൂർണ ഉത്തരവാദിത്തം മമത ബാനർജിക്കാണ്. മമതയെ അറസ്റ്റ് ചെയ്യാനും തൃണമൂൽ കോൺഗ്രസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാനും ഞാൻ ആവശ്യപ്പെടുന്നു'- സുവേന്ദു പറഞ്ഞു.

'ജനുവരിയിൽ ഇ.ഡി സംഘത്തിന് നേരെ സന്ദേശ്ഖാലിയിൽ ആൾക്കൂട്ടം നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഷാജഹാൻ ഷെയ്ഖിൻ്റെ ഉടമസ്ഥതയിലുള്ള രണ്ട് സ്ഥലങ്ങളിൽ സിബിഐ സംഘം വെള്ളിയാഴ്ച പരിശോധന നടത്തിയിരുന്നു. ഇതിൽ, മൂന്ന് വിദേശ നിർമിത റിവോൾവറുകൾ, ഒരു വിദേശ നിർമിത പിസ്റ്റൾ, ഒരു ഇന്ത്യൻ റിവോൾവർ, പൊലീസ് റിവോൾവർ, ഒരു സ്വദേശ നിർമിത പിസ്റ്റൾ, 120 ഒമ്പത് എംഎം ബുള്ളറ്റുകൾ, .45 കാലിബറിൻ്റെ 50 വെടിയുണ്ടകൾ, .380ൻ്റെ 50 കാട്രിഡ്ജുകൾ, .32 ൻ്റെ എട്ട് വെടിയുണ്ടകൾ എന്നിവ പിടിച്ചെടുത്തു'- എന്നാണ് സിബിഐ പ്രസ്താവനയിൽ പറയുന്നത്.

എന്നാൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കാനാണ് സിബിഐയുടെ നടപടിയെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ആയുധങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ബിജെപി ഗൂഢാലോചനയിൽ സിബിഐയും എൻഎസ്ജിയും ഒത്തുകളിച്ചെന്നും പാർട്ടി ആരോപിക്കുന്നു. ഈ ആയുധങ്ങൾ തെരച്ചിലിനിടെ കണ്ടെടുത്തതാണോ അതോ സിബിഐ, എൻഎസ്ജി സംഘങ്ങൾ രഹസ്യമായി കൊണ്ടുവച്ചതാണോ എന്ന് കൃത്യമായി അറിയാൻ ഒരു മാർഗവുമില്ലെന്നും പാർട്ടി കൂട്ടിച്ചേർത്തു.

സിബിഐ വാദത്തെ തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷും അപലപിച്ചു. സിബിഐ കണ്ടെടുക്കുംമുമ്പ്, പരിസരത്ത് ആയുധങ്ങൾ കൊണ്ടുവച്ചുള്ള പ്രതിപക്ഷത്തിൻ്റെ ഗൂഢാലോചനയാവാം ഇതെന്നും അദ്ദേഹം ആരോപിച്ചു. 'ഇതുവരെ, ഞങ്ങൾ അവിടെ ആയുധങ്ങളൊന്നും കണ്ടിട്ടില്ല. സിബിഐ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ല. ഞങ്ങളുടെ എതിരാളികളോ എതെങ്കിലും രാഷ്ട്രീയ പാർട്ടികളോ അവിടെ ആയുധം കൊണ്ടുവച്ചതാവാനാണ് സാധ്യത'- അദ്ദേഹം വിശദമാക്കി.

സന്ദേശ്ഖാലിയിൽ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് മാർച്ച് അഞ്ചിനാണ് സിബിഐയ്‌ക്ക് കൈമാറാൻ കൊൽക്കത്ത ഹൈക്കോ‌ടതി ഉത്തരവിട്ടത്. തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വസതിയിൽ റെയ്ഡിന് എത്തിയപ്പോഴായിരുന്നു ഇ.ഡി ഉദ്യോഗസ്ഥർക്ക് എതിരെ അക്രമം ഉണ്ടായത്. സന്ദേശ്ഖാലി അതിക്രമത്തിൽ അറസ്റ്റിലായ ഷാജഹാൻ ഷെയ്ഖിനെ സിബിഐയ്‌ക്ക് കൈമാറാനും കോടതി ഉത്തരവിട്ടിരുന്നു.

TAGS :

Next Story