Quantcast

'മുറി പാകിസ്താനി കുടുംബം'; കർണാടക മന്ത്രിക്കെതിരെ വംശീയാധിക്ഷേപവുമായി ബി.ജെ.പി നേതാവ്; നിയമനടപടി

കർണാടക മന്ത്രി ദിനേശ് ഗുണ്ടു റാവുവിന്റെ ഭാര്യയുടെ മുസ്‌ലിം സ്വത്വം വ്യംഗ്യമായി സൂചിപ്പിച്ചാണ് ബി.ജെ.പി എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്‌നാലിന്റെ വംശീയാധിക്ഷേപം

MediaOne Logo

Web Desk

  • Published:

    7 April 2024 3:22 PM GMT

BJP MLA Basanagouda Patil Yatnal calls Karnataka Minister Dinesh Gundu Rao, who is married to a Muslim, ‘half Pakistani’, family and congress move to legal action, Dinesh Gundu Rao, Basanagouda Patil Yatnal
X

ബസനഗൗഡ പാട്ടീല്‍ യത്നാല്‍, ദിനേശ് ഗുണ്ടുറാവു

ബെംഗളൂരു: കർണാടക മന്ത്രി ദിനേശ് ഗുണ്ടുറാവുവിനും കുടുംബത്തിനുമെതിരെ വംശീയാധിക്ഷേപം നടത്തിയ ബി.ജെ.പി നേതാവിനെതിരെ നിയമനടപടി. എം.എൽ.എ കൂടിയായ ബസനഗൗഡ പാട്ടീൽ യത്‌നാൽ നടത്തിയ 'മുറി പാകിസ്താനി കുടുംബം' പരാമർശത്തിൽ കോൺഗ്രസ് പരാതി നൽകി. മന്ത്രിയുടെ ഭാര്യ തബു റാവുവും നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തബുവിന്റെ മുസ്‌ലിം സ്വത്വം വ്യംഗ്യമായി സൂചിപ്പിച്ചാണ് ദിനേശ് ഗുണ്ടുവിനും കുടുംബത്തിനുമെതിരെയുള്ള വംശീയാധിക്ഷേപം.

ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്‌ഫോടനത്തിൽ ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിലായതുമായി ബന്ധപ്പെട്ട പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു യത്‌നാൽ. കാവി ഭീകരതയുടെ തെളിവാണ് സംഭവമെന്നും ഇതേക്കുറിച്ച് ബി.ജെ.പി സംസ്ഥാന-ദേശീയ നേതൃത്വം പ്രതികരിക്കാൻ തയാറാകണമെന്നും ദിനേശ് ഗുണ്ടുറാവു ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ദിനേശിന്റെ വീട്ടിൽ പാകിസ്താനുണ്ടെന്നായിരുന്നു ബി.ജെ.പി നേതാവിന്റെ പ്രതികരണം. മന്ത്രിയുടെ വീട് മുറി പാകിസ്താനിയാണെന്നും അധിക്ഷേപിച്ചു. സ്‌ഫോടനക്കേസിൽ അറസ്റ്റിലായ ബി.ജെ.പി പ്രവർത്തകൻ മൊബൈൽ ഷോപ്പ് ഉടമയാണെന്നും എല്ലാ ഉപഭോക്താക്കളുടെയും വിവരം ഉടമയ്ക്ക് അറിയാനാകില്ലെന്നും ബസനഗൗഡ പാട്ടീൽ യത്‌നാൽ ന്യായീകരിച്ചു.

തീർത്തും തരംതാണതും അപകീർത്തികരവുമായ പരാമർശമാണ് ബി.ജെ.പി നേതാവ് നടത്തിയതെന്ന് തബു റാവു പ്രതികരിച്ചു. ഞാൻ ജന്മനാ മുസ്‌ലിം ആയിരിക്കാം. എന്നാൽ, എന്റെ ഇന്ത്യൻ സ്വത്വം ആർക്കും ചോദ്യംചെയ്യാനാകില്ലെന്നും അവർ പറഞ്ഞു. വിവാദ പരാമർശത്തിൽ യത്‌നാലിനെതിരെ എന്തെങ്കിലും നടപടിയെടുക്കുമോ എന്ന് തബു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോടും ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ചോദിച്ചു.

യത്‌നാലിനെതിരെ പൊലീസിൽ പരാതി നൽകുമെന്നും തബു റാവു അറിയിച്ചു. വിവാദ പരാമർശത്തിൽ ശേഷാദ്രിപുരം പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ് നേരത്തെ പരാതി നൽകിയിരുന്നു.

Summary: BJP MLA Basanagouda Patil Yatnal calls Karnataka Minister Dinesh Gundu Rao, who is married to a Muslim, ‘half Pakistani’, family and congress move to legal action

TAGS :

Next Story