Quantcast

ചന്ദ്രനരികെ ചന്ദ്രയാന്‍; ഭ്രമണപഥം താഴ്ത്തല്‍ വിജയകരം

പ്രൊപൽഷൻ മോഡ്യൂളിൽ നിന്ന് വേർപെട്ട് ലാൻഡർ ചന്ദ്രനെ ലക്ഷ്യമാക്കി കുതിക്കാൻ തുടങ്ങുന്നത് നാളെയാണ്

MediaOne Logo

Web Desk

  • Published:

    16 Aug 2023 8:07 AM GMT

Chandrayaan3 Fifth and final orbit reduction manoeuvre completed
X

ചന്ദ്രയാൻ മൂന്നിന്റെ ചാന്ദ്ര ഭ്രമണപഥം വീണ്ടും താഴ്ത്തി. രാവിലെ എട്ടരയോടെയാണ് ചന്ദ്രോപരിതലത്തോടു കൂടുതൽ അടുത്ത് സഞ്ചരിക്കാൻ പേടകത്തിന് നിർദേശം നൽകിയത്. പ്രൊപൽഷൻ മോഡ്യൂളിൽ നിന്ന് വേർപെട്ട് ലാൻഡർ ചന്ദ്രനെ ലക്ഷ്യമാക്കി കുതിക്കാൻ തുടങ്ങുന്നത് നാളെയാണ്.

177 കിലോമീറ്റർ അകലെയുള്ള ചാന്ദ്ര ഭ്രമണപഥത്തിലൂടെയാണ് ചന്ദ്രയാൻ പേടകം സഞ്ചരിച്ചിരുന്നത്. പേടകത്തെ ചന്ദ്രനോട് അടുപ്പിക്കുന്ന പ്രക്രിയയ്ക്ക് ഇന്ന് രാവിലെ 8.30നാണ് തുടക്കമായത്. പ്രൊപൽഷൻ മോഡ്യൂളിലെ ലാം എൻജിൻ ജ്വലിപ്പിച്ച് 163 കിലോമീറ്റർ പാതയിലേക്കാണ് പേടകത്തെ കൊണ്ടുവന്നത്. പേടകം സഞ്ചരിക്കുന്ന ചന്ദ്രനോട് അടുത്ത പാത 150 കിലോമീറ്റർ ആണ്. ഐ.എസ്.ആർ.ഒയുടെ ബംഗളൂരുവിലെ ട്രാക്കിങ് കേന്ദ്രം ഈസ് ട്രാക്കിൽ നിന്നാണ് ചന്ദ്രയാൻ പേടകത്തെ നിയന്ത്രിക്കുന്നത്.

ദീർഘവൃത്താകൃതിയിൽ ചന്ദ്രനെ വലയം ചെയ്തിരുന്ന പേടകം, ഇപ്പോൾ വൃത്താകൃതിയിലേക്ക് ഭ്രമണപഥം കുറച്ചു കൊണ്ടുവന്നിട്ടുണ്ട്. നാളെ പ്രൊപൽഷൻ മൊഡ്യൂൾ വിക്രം ലാൻഡറിനെ വേർപ്പെടുത്തും. പ്രൊപല്‍ഷൻ മോഡ്യൂൾ തൊട്ടടുത്ത ഭ്രമണപാതയിലൂടെ സഞ്ചരിച്ച് പരീക്ഷണങ്ങൾ നടത്തും. ഷെയ്പ് എന്ന പേലോഡ് ആണ് പ്രൊപൽഷൻ മോഡ്യൂളിൽ ഉള്ളത്.

ഭൂമിക്ക് സമാനമായി മനുഷ്യവാസയോഗ്യമായ മറ്റു ഗ്രഹങ്ങൾ ഉണ്ടോ എന്ന് തിരിച്ചറിയാനുള്ള പരീക്ഷണമാണിത്. ആഗസ്ത് 23ലെ നിർണായകമായ സോഫ്റ്റ് ലാൻഡിങ് പ്രതിസന്ധികൾ ഇല്ലാതെ പൂർത്തിയാക്കാൻ സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് ഐ.എസ്.ആർ.ഒ.

TAGS :
Next Story