Quantcast

തെരഞ്ഞെടുപ്പ് ദിവസം അവധിയില്ലെന്ന്; ഫ്ലിപ്കാർട്ടിനും ബിഗ് ബാസ്ക്കറ്റിനുമെതിരെ പരാതി

ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി നൽകുമെന്ന് ഫ്ലിപ്കാർട്ട്

MediaOne Logo

Web Desk

  • Published:

    17 April 2024 4:17 PM GMT

തെരഞ്ഞെടുപ്പ് ദിവസം അവധിയില്ലെന്ന്; ഫ്ലിപ്കാർട്ടിനും ബിഗ് ബാസ്ക്കറ്റിനുമെതിരെ പരാതി
X

ചെന്നൈ: തെരഞ്ഞെടുപ്പ് ദിവസം ഡെലിവറി ബോയ്സിന് അവധി നൽകുന്നില്ലെന്ന് കാണിച്ച് ഇ-കൊമേഴ്സ് കമ്പനികളായ ഫ്ലിപ്കാർട്ടിനും ടാറ്റ ഗ്രൂപ്പിന്റെ ബിഗ് ബാസ്ക്കറ്റിനും എതിരെ പരാതി. മദ്രാസ് ഹൈക്കോടതി അഭിഭാഷകൻ കെ. നരസിംഹനാണ് ബുധനാഴ്ച തമിഴ്‌നാട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ബി. കോതി നിർമലസാമിക്ക് പരാതി നൽകിയത്.

തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 19ന് സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചിട്ടും അന്നേ ദിവസം ഓർഡർ ഡെലിവറി ഉറപ്പാക്കുമെന്നാണ് ഫ്ലിപ്കാർട്ടും ബിഗ്ബാസ്കറ്റും വാഗ്ദാനം ചെയ്യുന്നതെന്ന് പരാതിയിൽ പറയുന്നു. സർക്കാർ ഉത്തരവ് പ്രകാരം 1881ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് സെക്ഷൻ 25 പ്രകാരം തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കാൻ ഏപ്രിൽ 19ന് ഔദ്യോഗികമായി പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ജനാധിപത്യ പ്രക്രിയയിൽ പങ്കാളിത്തം ഉറപ്പാക്കാൻ കടകൾ, വാണിജ്യ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, ഐ.ടി കമ്പനികൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും തമിഴ്‌നാട്ടിലെ തൊഴിൽ ക്ഷേമ, നൈപുണ്യ വികസന വകുപ്പ് ഏപ്രിൽ 19ന് ശമ്പളത്തോടുകൂടിയ അവധി നൽകണമെന്നും നരസിംഹൻ വ്യക്തമാക്കി.

അതേസമയം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അധികൃതർ നൽകിയ എല്ലാ മാർഗനിർദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഫ്ലിപ്കാർട്ട് അറിയിച്ചു. യോഗ്യരായ എല്ലാ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി നൽകും. കൂടാതെ, ബോധവത്കരണം നടത്താനും ജീവനക്കാരെ വോട്ടുചെയ്യാൻ പ്രോത്സാഹിപ്പിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഫ്ലിപ്കാർട്ട് വക്താവ് പറഞ്ഞു.

TAGS :

Next Story