Quantcast

'മോദി മരിച്ചാൽ എന്തു സംഭവിക്കും?'; കോൺഗ്രസ് എം.എൽ.എയുടെ പരാമർശത്തില്‍ വിമര്‍ശനവുമായി ബി.ജെ.പി

2023ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്നയാളാണ് രാജു കാഗെ

MediaOne Logo

Web Desk

  • Updated:

    2024-05-02 17:06:46.0

Published:

2 May 2024 10:30 AM GMT

Karnataka BJP slams Congress over MLA Raju Kage
X

രാജു കാഗെ, നരേന്ദ്ര മോദി

ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് എം.എൽ.എ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമർശങ്ങൾ ഇൻഡ്യ സഖ്യത്തിനെതിരെ ആയുധമാക്കി ബി.ജെ.പി. എല്ലാവരും 'മോദി, മോദി' എന്നു ആരവം മുഴക്കുന്നതെന്തിനാണെന്നും മോദി മരിച്ചാൽ 140 കോടി ജനങ്ങൾക്കിടയിൽ പ്രധാനമന്ത്രിയാകാൻ പറ്റിയ ആരുമില്ലേയെന്നുമായിരുന്നു കഗ്വാദ് എം.എൽ.എ രാജു കാഗേയുടെ പരാമർശം. എൻ.ഡി.എ സ്ഥാനാർഥികൾ മോദിയുടെ പേരിനു പകരം സ്വന്തം പേരിൽ വോട്ട് ചോദിക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്നയാളാണ് രാജു.

ബെലാഗവി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ജാർകിഹോളിയുടെ പ്രചാരണാർഥം മമതാപൂരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാജു കാഗെ. വാഗ്ദാനങ്ങളൊന്നും പാലിക്കാൻ കഴിയാത്ത മോദിയെ യുവാക്കൾ പിന്തുണയ്ക്കുന്നത് എന്തിനാണെന്ന് അദ്ദേഹം പ്രസംഗത്തിൽ ചോദിച്ചു. ''എവിടെ പോയാലും യുവാക്കൾ 'മോദി, മോദി' എന്നു വിളിക്കുന്നതു കാണാം. സംസ്ഥാന (നിയമസഭയിൽ) ലക്ഷ്മൺ സവദിയും സതീഷ് ജാർകിഹോളിയും ഞാനുമൊക്കെ വേണം അവർക്ക്. എന്നാൽ, കേന്ദ്രത്തിൽ മോദി വേണമെന്നും ആവശ്യപ്പെടുന്നു. മോദി മരിച്ചാൽ എന്തു സംഭവിക്കും? ഈ രാജ്യത്ത് 140 കോടി ജനങ്ങൾക്കിടയിൽ പ്രധാനമന്ത്രിയാകാൻ പറ്റിയ ആരുമില്ലേ''-പ്രസംഗത്തിൽ അദ്ദേഹം ചോദിച്ചു.

മോദി ആർഭാട ജീവിതമാണു നയിക്കുന്നതെന്നും രാജു തുടർന്നു. 3,000 കോടി രൂപയുടെ വിമാനമുണ്ട് അദ്ദേഹത്തിന്. നാലു മുതൽ അഞ്ചുവരെ ലക്ഷം വിലയുള്ള വസ്ത്രങ്ങളാണ് അദ്ദേഹം ധരിക്കുന്നതെന്നും കോൺഗ്രസ് എം.എൽ.എ ആരോപിച്ചു. ബി.ജെ.പി സ്ഥാനാർഥി അന്നാസാഹെബ് ജോല്ലെയും ഭാര്യയും എം.എൽ.എയുമായ ശശികല ജോല്ലെയും എന്തിനാണ് മോദിയുടെ പേരിൽ വോട്ട് തേടുന്നതെന്നും അദ്ദേഹം ചോദിച്ചു. മോദിയാണോ ഇവിടെ മത്സരിക്കുന്നത്? താങ്കളാണ് ഇവിടത്തെ സ്ഥാനാർഥി. അപ്പോൾ സ്വന്തം പേരിൽ വോട്ട് പിടിക്കാൻ തയാറാകണമെന്നും രാജു കാഗെ ആവശ്യപ്പെട്ടു.

അതേസമയം, കഴിഞ്ഞ ദിവസം മറ്റൊരു തെരഞ്ഞെടുപ്പ് പരിപാടിയിൽ അദ്ദേഹം നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായിട്ടുണ്ട്. കോൺഗ്രസിനു വലിയ ഭൂരിപക്ഷം നൽകിയില്ലെങ്കിൽ പ്രദേശത്ത് വൈദ്യുതിബന്ധം വിച്ഛേദിക്കുമെന്നായിരുന്നു രാജുവിന്റെ ഭീഷണി. മാധാബാവിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു വിവാദ പരാമർശങ്ങൾ. ''ചില സ്ഥലത്ത് എനിക്ക് വളരെ കുറഞ്ഞ വോട്ടാണു ലഭിച്ചത്. ഷാഹ്പുര മറക്കാം. അതേക്കുറിച്ച് അധികം പറയുന്നില്ല. ഇത്തവണ ഞങ്ങൾക്കു കൂടുതൽ വോട്ട് ലഭിച്ചില്ലെങ്കിൽ നിങ്ങളുടെ വൈദ്യുതി റദ്ദാക്കും. അതു സംഭവിക്കരുത്. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നയാളാണ് ഞാനെന്ന് ഓർമ വേണം''-ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി.

പരാമർശങ്ങൾ വലിയ വിവാദമായതോടെ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെട്ടിരിക്കുകയാണ്. വിവാദ പരാമർശങ്ങളിൽ വിശദീകരണം തേടി കമ്മിഷൻ എം.എൽ.എയ്ക്ക് നോട്ടിസ് അയച്ചിരിക്കുകയാണ്. പ്രസംഗത്തിനെതിരെ ബി.ജെ.പി വക്താവ് ഷെഹ്‌സാദ് പൂനവല്ല ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു.

രാജുവിന്റെ മോദിക്കെതിരായ പരാമർശങ്ങൾക്കെതിരെയും വിമർശനവുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയെ അപമാനിക്കുന്ന പരാമർശങ്ങളാണിതെന്ന് ബി.ജെ.പി വക്താവ് മാളവിക അവിനാഷ് വിമർശിച്ചു. ഒരു വ്യക്തിയെയും പദവിയെയുമാണ് അദ്ദേഹം അപമാനിച്ചിരിക്കുന്നത്. ഈ പരാമർശങ്ങൾ ജനങ്ങൾ ഒരിക്കലും മറക്കില്ല. ജനങ്ങളുടെ അനുഗ്രഹത്തോടെ മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകുമെന്നും മാളവിക പറഞ്ഞു.

ലക്ഷ്മൺ സവദിക്കൊപ്പമാണ് രാജു കാഗെ ബി.ജെ.പിയിൽനിന്നു രാജിവച്ച് കോൺഗ്രസിൽ ചേർന്നത്. നേരത്തെ, ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയെ 'കറുത്ത പോത്ത്' എന്നു വിളിച്ചും വിവാദം സൃഷ്ടിച്ചിരുന്നു അദ്ദേഹം.

Summary: Karnataka BJP slams Congress over MLA Raju Kage's ‘what if Modi dies’ remarks

TAGS :

Next Story