Quantcast

‘തെരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ കഴിയില്ല’; വിവിപാറ്റ് കേസിൽ സുപ്രിംകോടതി

‘കേവലം സംശയത്തിന്റെ പേരിൽ പ്രവർത്തിക്കാനാവില്ല’

MediaOne Logo

Web Desk

  • Published:

    24 April 2024 10:58 AM GMT

Supreme court
X

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നിയന്ത്രിക്കാനുള്ള അധികാരം തങ്ങൾക്കില്ലെന്നും ഭരണഘടനാപരമായ അതോറിറ്റിയായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം സംബന്ധിച്ച് നിർദേശം നൽകാനാവില്ലെന്നും സുപ്രിംകോടതി. വോട്ടുയ​ന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ടുകൾ മുഴുവൻ വിവിപാറ്റ് സംവിധാനം വഴിയുള്ള പേപ്പർ സ്ലിപ്പുകൾ ഉപയോഗിച്ച് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. കേസ് വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി.

കേവലം സംശയത്തിന്റെ പേരിൽ പ്രവർത്തിക്കാനാവില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപശങ്കർ ദത്ത എന്നിവരുടെ ബെഞ്ച് പറഞ്ഞു. ഹരജിക്കാരായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഉന്നയിച്ച ആശങ്കകളോട് പ്രതികരിക്കുകയായിരുന്നു കോടതി.

വോട്ടുയന്ത്രത്തിന്റെ വിശ്വാസ്യത സംബന്ധിച്ച് പ്രതിപക്ഷം ആശങ്കകൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, വിവിപാറ്റിലൂടെ ലഭിക്കുന്ന സ്ലിപ്പുകൾ ഉപയോഗിച്ച് വോട്ടുയന്ത്രത്തിലെ ഓരോ വോട്ടും ഉറപ്പാക്കാൻ നിർദേശം നൽകണമെന്നാണ് ഹരജിക്കാർ ആവശ്യപ്പെട്ടത്. നിലവിൽ എല്ലാ അസംബ്ലി മണ്ഡലങ്ങളിൽനിന്നും ക്രമരഹിതമായി തെരഞ്ഞെടുക്കുന്ന അഞ്ച് വോട്ടുയന്ത്രത്തിലെ വോട്ടുകൾ മാത്രമാണ് വിവിപാറ്റ് സ്ലിപ്പ് ഉപയോഗിച്ച് ഉറപ്പുവരുത്തുന്നത്.

ഹരജിയിൽ സുപ്രിംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിരുന്നു. വോട്ടുയന്ത്രത്തില്‍ ഹാക്കിങ്ങിനോ അട്ടിമറിക്കോ വ്യക്തമായ തെളിവില്ലെന്നും സംശയത്തിന്റെ അടിസ്ഥാനത്തിൽ എങ്ങനെ നിർദേശം നൽകാനാവുമെന്നും ചോദിച്ച കോടതി, ഇലക്ട്രോണിക് വോട്ടുയന്ത്രത്തിലെ സോഴ്സ് കോഡ് പരസ്യപ്പെടുത്തിയാൽ അത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും അതിനാൽ അങ്ങനെ ചെയ്യാനാകില്ലെന്നും പറഞ്ഞു.

വിവിപാറ്റ് പ്രവർത്തനം സംബന്ധിച്ച് സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയിരുന്നു. പോളിങ്ങിന് ശേഷം വോട്ടുയന്ത്രവും കണ്‍ട്രോള്‍ യൂനിറ്റും വിവിപാറ്റും മുദ്രവെക്കുമെന്നും മൈക്രോ കണ്‍ട്രോള്‍ പ്രോഗ്രാം ചെയ്യുന്നത് ഒരു തവണ മാത്രമാണെന്നും അറിയിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ, ചിഹ്നം ലോഡ് ചെയ്യുന്ന യൂനിറ്റുകളുടെ കണക്കുകളും സുപ്രിംകോടതിയെ അറിയിച്ചു.

മുഴുവൻ വിവിപാറ്റുകളും എണ്ണുന്നത് പ്രായോഗികമല്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രിംകോടതിയെ അറിയിച്ചു. ഇലക്ട്രോണിക് വോട്ടുയന്ത്രത്തിൽ കൃത്രിമം കാണിക്കാൻ സാധിക്കില്ലെന്നും കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി.

TAGS :

Next Story