Quantcast

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

യുപിയിൽ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും ഒന്നിച്ച് റോഡ് ഷോ നടത്തും

MediaOne Logo

Web Desk

  • Published:

    17 April 2024 12:48 AM GMT

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
X

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിലേക്കുളള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 102 സീറ്റുകളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദി അസമിലും ത്രിപുരയിലും പ്രചാരണം നടത്തുമ്പോൾ രാഹുല്‍ഗാന്ധി കർണാടകയിൽ പ്രചാരണത്തിന് നേതൃത്വം നൽകും.

17 സംസ്ഥാനങ്ങളും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് ആദ്യഘട്ടത്തില്‍ ജനങ്ങള്‍ വിധിയെഴുതുക. തമിഴ്നാട്, അരുണാചല്‍പ്രദേശ്, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, സിക്കിം, ഉത്തരാഖണ്ഡ്, ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ്, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ ഒറ്റഘട്ടമായതിനാല്‍ 19ന് വോട്ടെടുപ്പ് പൂര്‍ണമാകും. ആദ്യഘട്ടത്തില്‍ 39 സീറ്റുകളുളള തമിഴ്‌നാട്ടിലാണ് ഏറ്റവുമധികം സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്. രാജസ്ഥാനില്‍ 12 സീറ്റുകളിലേക്കും ഉത്തര്‍പ്രദേശില്‍ എട്ട് സീറ്റുകളിലും അസമില്‍ അഞ്ചും ബിഹാറില്‍ നാലും മധ്യപ്രദേശില്‍ ആറും ഉത്തരാഖണ്ഡില്‍ അഞ്ചും പശ്ചിമ ബംഗാള്‍ മൂന്ന്, മണിപ്പുരില്‍ രണ്ട് സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും. ഛത്തീസ്ഗഡില്‍ ശക്തമായ മാവോയിസ്റ്റ് സാന്നിധ്യമുളള ബസ്തറിലും വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്.

വിവിധ സംസ്ഥാനങ്ങളിലായി നിരവധി പ്രമുഖരും ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥ് ജനവിധി തേടും. തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ കെ.അണ്ണാമലൈ കോയമ്പത്തൂരിലും തെലങ്കാന മുന്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ ചെന്നൈ സൗത്തിലും ഡിഎംകെ നേതാവ് കനിമൊഴി തൂത്തുക്കുടിയിലും ജനവിധി തേടും . ബി.ജെ.പി വരുണ്‍ഗാന്ധിക്ക് നിഷേധിച്ച സിറ്റിംഗ് സീറ്റായ പിലിഫിത്തിൽ കോണ്‍ഗ്രസ് വിട്ട് വന്ന ജിതിന്‍ പ്രസാദാണ് മത്സര രംഗത്ത് ഉള്ളത്. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയാണ് ബി.ജെ.പി സ്ഥാനാർഥി . പ്രചാരണം ചൂടുപിടിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ,പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മറ്റു താരപ്രചാരകരും പ്രചാരണ പരിപാടികളുടെ തിരക്കിലാണ്.

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണ സമാപനത്തിൽ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും ഇന്ന് ഒന്നിച്ച് പ്രചാരണത്തിന് ഇറങ്ങും. പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്ന് യു.പിയിലാണ് ഇരുവരും ഒന്നിച്ച് ഇറങ്ങുക. അതിന് മുന്നോടിയായി രാവിലെ ഒമ്പതിന് ഇരുവരുടെയും സംയുക്ത വാർത്താസമ്മേളനം ഗാസിയാബാദിൽ നടക്കും. പ്രിയങ്ക ഗാന്ധിയും ഇന്ന് യു.പിയിൽ പ്രചാരണത്തിന് ഇറങ്ങും. സഹാരൻപൂരിലെ റോഡ്ഷോയിൽ പ്രിയങ്ക പങ്കെടുക്കും.

TAGS :

Next Story