Quantcast

രാജ്യത്ത് മോദി തരംഗമില്ലെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി നവനീത് റാണ; പ്രസ്താവന പ്രചാരണായുധമാക്കി പ്രതിപക്ഷം

നവനീത് പറഞ്ഞത് സത്യമാണെന്നും ഇത് വോട്ടര്‍മാരുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നതെന്നും പ്രതിപക്ഷമായ മഹാ വികാസ് അഘാഡി പരിഹസിച്ചു

MediaOne Logo

Web Desk

  • Updated:

    2024-04-18 02:35:01.0

Published:

17 April 2024 8:27 AM GMT

Navneet Rana
X

നവനീത് റാണ

മുംബൈ: രാജ്യത്ത് മോദി തരംഗമില്ലെന്ന അമരാവതിയിൽ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ഥി നവനീത് റാണയുടെ പ്രസ്താവന പ്രചാരണായുധമാക്കി പ്രതിപക്ഷം.നവനീത് പറഞ്ഞത് സത്യമാണെന്നും ഇത് വോട്ടര്‍മാരുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നതെന്നും പ്രതിപക്ഷമായ മഹാ വികാസ് അഘാഡി പരിഹസിച്ചു.

തിങ്കളാഴ്ച അമരാവതി മണ്ഡലത്തിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് നവനീത് റാണ ഈ പരാമർശം നടത്തിയത്. ''ഒരു ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പുപോലെ ഈ തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും. ഉച്ചയ്ക്ക് 12 മണിയോടെ എല്ലാ വോട്ടർമാരെയും ബൂത്തിലെത്തിക്കണം.മോദി തരംഗം ഉണ്ടെന്ന മിഥ്യാധാരണയിൽ വെറുതെയിരിക്കരുത്. 2019ലും മോദി തരംഗം ഉണ്ടായിരുന്നു.എന്നിട്ടും ഞാൻ സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ചു," എന്നാണ് നവനീത് പറഞ്ഞത്. 2019ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എന്‍സിപി പിന്തുണയോടെയാണ് നവനീത് അമരാവതി മണ്ഡലത്തില്‍ നിന്നും മത്സരിച്ച് വിജയിച്ചത്.

വീഡിയോ വൈറലായതോടെ എന്‍സിപി ശരത് പവാര്‍ വിഭാഗവും ശിവസേന താക്കറെ വിഭാഗവും ഇതിനെതിരെ രംഗത്തെത്തി. നവനീതിന്‍റെ പരാമര്‍ശം ബി.ജെ.പിക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തിയെന്ന് പരിഹസിച്ചു. മഹാരാഷ്ട്രയിലെ 48 സീറ്റുകളിലും പ്രതിപക്ഷ സഖ്യം വിജയിക്കുമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു."മോദി തരംഗത്തെക്കുറിച്ച് മറക്കുക. മോദിക്ക് തൻ്റെ സീറ്റില്‍ തന്നെ വിജയിക്കാനാകുമോ എന്നത് ഒരു ചോദ്യമാണ്. ബി.ജെ.പിക്ക് രാജ്യത്തുടനീളം 45 സീറ്റുകൾ മാത്രമേ ലഭിക്കൂ എന്ന് ഞങ്ങളുടെ പാർട്ടി മേധാവി ഉദ്ധവ് താക്കറെ ഇതിനകം പറഞ്ഞിട്ടുണ്ട്.ബി.ജെ.പിയുടെ സ്വന്തം സ്ഥാനാർത്ഥികൾ പോലും ഇപ്പോൾ തന്നെ സത്യം പറയുന്നു, അതും പരസ്യമായും ഉച്ചത്തിലും വ്യക്തമായും.'' റാവത്ത് കൂട്ടിച്ചേര്‍ത്തു.

റാണ സത്യമാണ് പറയുന്നതെന്നും അതിനാലാണ് ബി.ജെ.പി മറ്റ് പാർട്ടികളിലെ നേതാക്കളെ പാർട്ടിയിലേക്ക് കൊണ്ടുവരുന്നതെന്നും എൻസിപി (എസ്പി) വക്താവ് മഹേഷ് തപസെ പറഞ്ഞു.''റാണയും മറ്റ് ബി.ജെ.പി സ്ഥാനാര്‍ഥികളും ഈ വസ്തുത ഗ്രൗണ്ടിൽ പ്രചാരണത്തിന് ശേഷം മനസ്സിലാക്കിയിട്ടുണ്ട്.മോദി തരംഗം ഇല്ലെന്ന് ബി.ജെ.പിക്കും അറിയാം. ഒന്നിനുപുറകെ ഒന്നായി പ്രതിപക്ഷ നേതാക്കളെ പ്രതിക്കൂട്ടിലാക്കുന്ന പാർട്ടിയുടെ എല്ലാ നടപടികളും പ്രതിഫലിപ്പിക്കുന്നു.അഴിമതി ആരോപിക്കുന്ന നേതാക്കളെപ്പോലും ഇറക്കുമതി ചെയ്തു. ബി.ജെ.പിക്ക് മറ്റൊരു ബദൽ ഇല്ലായിരുന്നു'' തപസെ കൂട്ടിച്ചേര്‍ത്തു.

പ്രസംഗം വിവാദമായപ്പോള്‍ നവനീത് റാണ വിശദീകരണവുമായി രംഗത്തെത്തി. പ്രതിപക്ഷം തന്‍റെ പ്രസംഗം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ചു. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങൾ ജനങ്ങൾക്കറിയാം, മോദി തരംഗം ഉണ്ടായിരുന്നു, മോദി തരംഗമുണ്ട്, മോദി തരംഗം ഉണ്ടാകും.പ്രധാനമന്ത്രി മോദിയുടെ പ്രവർത്തനങ്ങളും വാഗ്ദാനങ്ങളും ഞങ്ങൾ വോട്ടർമാരിലേക്ക് എത്തിക്കുകയും വോട്ട് ചോദിക്കുകയും ചെയ്യുന്നു. 400 സീറ്റുകൾ എന്ന ലക്ഷ്യം ഇത്തവണ കൈവരിക്കും'' നവനീത് പറഞ്ഞു.

TAGS :

Next Story