Quantcast

ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിനു പിന്നാലെ ബി.ജെ.പിക്ക് 30 കോടി നൽകി; പ്രതിയെ മാപ്പുസാക്ഷിയാക്കി ഇ.ഡി

ബി.ജെ.പിക്ക് സംഭാവന നൽകിയതിനു പിന്നാലെ ഇ.ഡി തന്നെയാണ് ശരത് റെഡ്ഡിക്ക് മാപ്പുനൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി കോടതിയെ സമീപിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-03-22 12:33:41.0

Published:

22 March 2024 10:52 AM GMT

In Delhi liquor policy case
X

കേസില്‍ മാപ്പുസാക്ഷിയായ പി. ശരത് റെഡ്ഡി(വലത്ത്)

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ഡയരക്ടർ അറസ്റ്റ് ചെയ്യപ്പെട്ടതിനു പിന്നാലെ അരോബിന്ദോ ഫാർമ ബി.ജെ.പിക്ക് അഞ്ച് കോടി രൂപയുടെ ഇലക്ടറൽ ബോണ്ട് നൽകിയതായി കണ്ടെത്തൽ. എസ്.ബി.ഐ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ഇലക്ടറൽ ബോണ്ടിലെ യൂനിക് നമ്പർ കൈമാറിയതിൽനിന്നാണു വിവരങ്ങൾ പുറത്തായത്. മദ്യനയ അഴിമതിക്കേസിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഫാർമ ഡയരക്ടർ പി. ശരത് റെഡ്ഡി അറസ്റ്റിലായിരുന്നത്. പിന്നീട് ഇയാൾ കേസിൽ മാപ്പുസാക്ഷിയാകുകയായിരുന്നു. കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ അറസ്റ്റിലായ ദിവസം തന്നെയാണ് വിവരങ്ങളും പുറത്തായതെന്ന കൗതുകമുണ്ട്.

2022 നവംബർ പത്തിനാണ് ശരത് റെഡ്ഡിയെ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കൃത്യം അഞ്ചു ദിവസം കഴിഞ്ഞ് നവംബർ 15ന് അരോബിന്ദോ ഫാർമ അഞ്ചു കോടിയുടെ ഇലക്ടറൽ ബോണ്ട് ബി.ജെ.പിക്ക് സംഭാവനയായി നൽകി. മാസങ്ങൾക്കുശേഷം 2023 മേയിൽ ഡൽഹി ഹൈക്കോടതി ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി റെഡ്ഡിക്ക് ജാമ്യം നൽകി. ഒരു മാസം കഴിഞ്ഞ് ശരത് റെഡ്ഡിക്ക് മാപ്പുനൽകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി തന്നെ ഡൽഹിയിലെ റോസ് അവന്യു കോടതിയെ സമീപിക്കുകയും ചെയ്തു.

കേസിലെ ക്രമക്കേടുകൾ മുഴുവൻ വെളിപ്പെടുത്താമെന്ന ഉറപ്പിൽ ശരത് റെഡ്ഡിയെ മാപ്പുസാക്ഷിയാക്കണമെന്നും കോടതിയോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. അഞ്ചു മാസങ്ങൾക്കുശേഷം 2023 നവംബറിൽ അരോബിന്ദോ ഫാർമ വീണ്ടും 25 കോടി രൂപ കൂടി ബി.ജെ.പിക്ക് സംഭാവനയായി നൽകി. ഇലക്ടറൽ ബോണ്ട് വഴി കമ്പനി നൽകിയ ഏറ്റവും വലിയ തുക കൂടിയാണിത്.

1986ൽ സ്ഥാപിതമായ ഹൈദരാബാദിലെ ഹൈടെക് സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ബഹുരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് അരോബിന്ദോ ഫാർമ. ആകെ ആറു തവണയാണ് കമ്പനി ഇലക്ടറൽ ബോണ്ട് വാങ്ങിയിട്ടുള്ളത്. ഇതിൽ നാലും ബി.ജെ.പിക്ക് സംഭാവന നൽകാൻ വേണ്ടിയായിരുന്നു. ആന്ധ്രാപ്രദേശ്, തെലങ്കാന പാർട്ടികളായ ടി.ഡി.പിക്കും ബി.ആർ.എസിനുമാണ് മറ്റു രണ്ട് ബോണ്ടും നൽകിയത്. ടി.ഡി.പിക്ക് 2021 ഏപ്രിലിൽ 2.5 കോടിയും ബി.ആർ.എസിന് 2022 ഏപ്രിലിൽ 15 കോടിയും നൽകി. ഇതിനിടയിൽ ബി.ജെ.പിക്ക് 2022 ജനുവരിയിൽ മൂന്നും, ജൂലൈയിൽ 1.5ഉം കോടി നൽകിയിരുന്നു.

ആകെ 52 കോടി രൂപയാണ് ഇലക്ടറൽ ബോണ്ട് വഴി അരോബിന്ദോ ഫാർമ രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയത്. ഇതിന്റെ 66 ശതമാനവും ലഭിച്ചത് ബി.ജെ.പിക്കായിരുന്നു. അഥവാ 34.5 കോടി രൂപ. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടിക്ക് 100 കോടി രൂപ നൽകിയെന്ന് ഇ.ഡി ആരോപിക്കുന്ന സൗത്ത് ഗ്രൂപ്പിന്റെ ഭാഗമാണ് അരോബിന്ദോ ഫാർമ ഡയരക്ടറായ ശരത് റെഡ്ഡി. ഡൽഹിയിലെ മദ്യമാർക്കറ്റിന്റെ 30 ശതമാനവും നിയന്ത്രിക്കുന്ന ഗ്രൂപ്പുകളിൽ പ്രധാനിയാണ് റെഡ്ഡിയെന്നാണ് ഇ.ഡി കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്.

വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയുമായും അടുത്ത ബന്ധമുള്ളയാളാണ് ശരത് റെഡ്ഡിയെന്നതും ശ്രദ്ധേയമാണ്. ശരതിന്‍റെ സഹോദരൻ വിവാഹം കഴിച്ചിരിക്കുന്നത് വൈ.എസ്.ആർ.സി.പി എം.പി വിജയ് സായ് റെഡ്ഡിയുടെ മകളെയാണ്. ആന്ധ്ര മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ അടുത്തയാൾ കൂടിയാണ് വിജയ് സായ് റെഡ്ഡി.

ശരതിന്റെ പിതാവ് പി.വി റാംപ്രസാദ് റെഡ്ഡിയാണ് അരോബിന്ദോ ഫാർമയുടെ സ്ഥാപകൻ. ഭാര്യാപിതാവ് കെ. നിത്യാനന്ദ റെഡ്ഡി കമ്പനിയുടെ സഹസ്ഥാപകനും മാനേജിങ് ഡയരക്ടറുമാണ്. ജെനറിക് മരുന്ന് വിപണന രംഗത്തെ ഭീമന്മാരാണ് അരോബിന്ദോ ഫാർമ. 2021-22 സാമ്പത്തിക വർഷത്തിൽ 23,455 കോടി രൂപയായിരുന്നു കമ്പനിയുടെ വിറ്റുവരവ്. ശരതിന്റെ അറസ്റ്റിനു പിന്നാലെ ഓഹരി വിപണിയിൽ കമ്പനിക്ക് 11.69 ശതമാനത്തിന്റെ തിരിച്ചടി നേരിട്ടിരുന്നു.

Summary: In Delhi liquor policy case, approver P Sarath Reddy's firm Aurobindo Pharma paid Rs 30 crore to the BJP after ED arrest, later allowed him to turn approver in the case

TAGS :

Next Story