Quantcast

ഇൻസ്റ്റഗ്രാം റീലിനു വേണ്ടി പൊലീസ് ബാരിക്കേഡിനു തീയിട്ടു, റോഡ് ബ്ലോക്കാക്കി ഷൂട്ട്; ഇൻഫ്‌ളുവൻസർ അറസ്റ്റിൽ

വീട്ടിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ തടഞ്ഞതിന് യുവാവിന്റെ കുടുംബത്തിനെതിരെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    31 March 2024 9:36 AM GMT

YouTuber and social media influencer booked for doing stunts on Delhi flyover, burning police barricade, Youtuber Pradeep Dhaka arrest
X

ന്യൂഡൽഹി: ഇൻസ്റ്റഗ്രാം റീലിനു വേണ്ടി പൊലീസ് ബാരിക്കേഡിന് തീയിട്ടും മേൽപ്പാലത്തിൽ ഗതാഗതം തടസപ്പെടുത്തി വിഡിയോ ഷൂട്ട് ചെയ്തും യുവാവിന്റെ സ്റ്റണ്ട്. ഡൽഹിയിലെ നിഹാൽ വിഹാർ, പശ്ചിം വിഹാർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധികളിലാണു സംഭവം. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോ വൈറലായതിനു പിന്നാലെ ഒരാളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.

ധാക്ക എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ പ്രദീപ് ധാക്കയാണു പിടിയിലായത്. നംഗ്ലോയിയിലെ ചജ്ജു റാം കോളനി സ്വദേശിയാണ്. വീട്ടിലെത്തിയാണ് ഇയാളെ പിടികൂടിയതെന്ന് ഔട്ടർ ഡൽഹി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ജിമ്മി ചിറാം പറഞ്ഞു. ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് ഇയാൾക്കെതിരെ 36,000 രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. യുവാവിന്റെ കൂടെയുണ്ടായിരുന്നവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം പശ്ചിം വിഹാറിലെ തിരക്കേറിയ പാതയിലുള്ള മേൽപ്പാലത്തിലായിരുന്നു മിനിറ്റുകളോളം ഗതാഗതം തടസപ്പെടുത്തി ധാക്കയുടെ അഭ്യാസം. സ്വർണ നിറത്തിലുള്ള മോഡിഫിക്കേഷൻ വരുത്തിയ എസ്.യു.വി കാറിലായിരുന്നു യുവാവും സുഹൃത്തുക്കളും എത്തിയത്. തുടർന്ന് മറ്റു വാഹനങ്ങൾക്കു കുറുകെ കാർ നിർത്തി വിഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇതിനു പിന്നാലെയാണ് ഇയാളുടെ തന്നെ മറ്റൊരു വിഡിയോയും പുറത്തായത്. നിഹാൽ വിഹാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ റോഡിൽ സ്ഥാപിച്ചിരുന്ന പൊലീസ് ബാരിക്കേഡ് കത്തിക്കുകയായിരുന്നു യുവാവ്. രാസവസ്തുക്കൾ ഒഴിച്ച് തീകൊളുത്തുകയാണു ചെയ്തത്. ഇയാളുടെ വാഹനത്തിൽനിന്ന് പ്ലാസ്റ്റിക് ആയുധങ്ങളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രദീപ് ധാക്കയ്‌ക്കെതിരെ പൊതുസ്വത്ത് നശിപ്പിച്ചതിനും കേസെടുത്തു. വീട്ടിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ തടഞ്ഞതിന് യുവാവിന്റെ കുടുംബത്തിനെതിരെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്.

Summary: YouTuber and social media influencer booked for doing stunts on Delhi flyover, burning police barricade

TAGS :

Next Story